ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെവിട്ടു. 2007ലുണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് വിധി. 10 പ്രതികളില്‍ 5 പേര്‍ മാത്രമായിരുന്നു വിചാരണ നേരിട്ടത്. കേസ് തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. പ്രത്യേക എന്‍ഐഎ കോടതിയില്‍ കഴിഞ്ഞയാഴ്ച തന്നെ വിചാരണ പൂര്‍ത്തിയായിരുന്നു.

ചാര്‍മിനാറിനു സമീപമുള്ള മക്ക മസ്ജിദില്‍ 2007 മെയ് 18നാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ചതിനു ശേഷമാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. സ്വാമി അസീമാനന്ദ എന്ന നബ കുമാര്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയമാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സന്ദീപ് വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നീ പ്രതികള്‍ അന്വേഷണത്തിനിടെ ഒളിവില്‍ പോയിരുന്നു. സുനില്‍ ജോഷി എന്നയാള്‍ ഇക്കാലയളവില്‍ മരിച്ചു. രണ്ടു പേര്‍ക്കെതിരായി അന്വേഷണം തുടരുകയാണ്. 226 സാക്ഷികളുണ്ടായിരുന്ന കേസില്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പടെ 64 പേര്‍ പിന്നീട് മൊഴി മാറ്റിയിരുന്നു. മുസ്ലിം തീവ്രവാദമാണ് സംഭവത്തിന് പിന്നിലെന്നാരോപിച്ച് പൊലീസ് മുസ്ലിം യുവാക്കളെ കുറ്റാരോപിതരാക്കി കേസെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്തതോടെയാണ് ഹിന്ദുത്വ സംഘടനകളുടെ പങ്ക് പുറത്തു വന്നത്.