സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. രാത്രിയോടെ ആംബുലൻസ് എത്തിയാണ് മൃതദേഹം മാറ്റിയത്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. ആൽബർട്ടിന് വെടിയേറ്റ ഫ്ലാറ്റിനകത്താണ് മൃതദേഹം ഉണ്ടായിരുന്നത്. മേഖലയിൽ സംഘർഷം തുടരുന്നതാണ് മൃതദേഹം മാറ്റാൻ തടസ്സമായിരുന്നത്. മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാൻ കുടുംബം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു.
താമസിക്കുന്ന ഫ്ലാറ്റിന്റെ ജനലരികിൽ നിൽക്കുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്.കാനഡയിലുള്ള മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അഗസ്‌റ്റിന് വെടിയേറ്റതെന്ന് ബന്ധുക്കൾ കേരളത്തിലെ ടിവി ചാനലുകളോട് പറഞ്ഞു. ദാരുണമായ സംഭവം നടക്കുമ്പോൾ ഇയാൾ വീടിനുള്ളിലായിരുന്നു. സുഡാനിലെ ദാൽ ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അഗസ്‌റ്റിൻ.
ആൽബർട്ടിന്റെ ഭാര്യക്കും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയെന്നും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസിയും ആൽബർട്ട് ജോലി ചെയ്തിരുന്ന ദാൽ ഫുഡ് കമ്പനിയും വ്യക്തമാക്കി. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബേസ്മെന്റിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. ഇവിടേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു. മകന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ആൽബർട്ടിന്‍റെ പിതാവ് അഗസ്റ്റിൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇന്ത്യൻ പൗരന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ആൽബർട്ട് അഗസ്‌റ്റിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ പിതാവുമായും മന്ത്രി സംസാരിച്ചതായി സർക്കാർ പ്രസ്‌താവനയിൽ പറയുന്നു. സുഡാനിൽ ഒപ്പമുണ്ടായിരുന്ന അഗസ്‌റ്റിന്റെ ഭാര്യയും മകളും സുരക്ഷിതരാണെന്നും തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ സുഡാനിൽ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണ്. സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ 83 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ അധികവും സാധാരണക്കാരാണ്. വെടിവെപ്പിലും ബോംബാക്രമണത്തിലും 1200ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തലസ്ഥാനമായ ഖാർത്തമിലാണ് സംഘർഷം കൂടുതൽ. ശനിയാഴ്ചയാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സായുധ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. തലസ്ഥാനമായ ഖർത്തൂം, മർവ, അൽ അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർഎസ്എഫ് ഏറ്റെടുത്തെന്നാണ് വിവരം. പ്രസിഡന്റിന്റെ കൊട്ടാരവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് അർഎസ്എഫിന്റെ അവകാശവാദം. എന്നാൽ ഇത് സുഡാൻ സൈന്യം നിഷേധിച്ചു. ഈജിപ്തും ദക്ഷിണ സുഡാനും മധ്യസ്ഥതയ്ക്ക് സന്നധത അറിയിച്ചെങ്കിലും ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറായില്ല.