ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ശാരീരിക-മാനസിക പ്രശ്നമുള്ളവർക്ക് കൈതാങ്ങൽ നൽകുന്ന ഗവൺമെന്റിന്റെ പദ്ധതിയാണ് പി ഐ പി അഥവാ പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെന്റ് സ്കീം. തങ്ങളുടെ രോഗാവസ്ഥകൾ മൂലം ദൈനംദിനം ഉള്ള ജീവിതചര്യകൾ ചെയ്യുവാനും,അത്യാവശ്യമുള്ള സ്ഥലങ്ങളിലേക്കും മറ്റും പോകുവാനും ബുദ്ധിമുട്ടുന്നവർക്കാണ് ഈ തുക ലഭിക്കുന്നത്. രോഗാവസ്ഥ അടിസ്ഥാനമാക്കിയാണ് ഈ തുക ലഭിക്കുന്നത്. മറ്റ് ജീവിതസാഹചര്യങ്ങളോ, ജോലിയോ ഒന്നും തന്നെ ഈ തുക ലഭിക്കുന്നതിൽ നിന്നും ഇത്തരം രോഗികളെ വിലക്കുന്നില്ല. 16 വയസ്സിന് മുകളിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ദിനചര്യകളെ ബാധിക്കുന്നവർക്ക് ഈ തുക ലഭിക്കും. ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് നിലവിൽ കുറച്ചധികം രോഗാവസ്ഥകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിഗ്നന്റ് ഡിസീസ്, സ്കിൻ ഡിസീസ്, കാർഡിയോവാസ്കുലാർ, ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ രോഗാവസ്ഥകൾ, റെസ്പിറേറ്ററി അസുഖങ്ങൾ, ന്യൂറോളജിക്കൽ ഡിസീസ് എന്നിവയെല്ലാം തന്നെ ഇവയിൽ ഉൾപ്പെടുന്നുണ്ട്.

ഇപ്പോൾ കോവിഡ് മൂലം നിരന്തരമായി ബുദ്ധിമുട്ടുന്നവർക്കും ഈ ആനുകൂല്യം ലഭിക്കാവുന്ന തരത്തിലേക്ക് ഗവൺമെന്റ് സ്കീമിന്റെ ചട്ടങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചത് മൂലമുള്ള നിരന്തരമായ ക്ഷീണാവസ്ഥ, ഡിപ്രഷൻ മുതലായവയെല്ലാം തന്നെ ഈ രോഗ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളെ രണ്ട് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിക്കുന്നത്. ഒന്നാമത് ദൈനംദിന ജീവിത ചെലവുകളും, മറ്റൊന്ന് യാത്രാ സഹായം ആവശ്യമായവർക്ക് വേണ്ട ചെലവുകളും എന്ന രീതിയിലാണ് തുക നൽകുന്നത്. ഇത് രണ്ടും ആവശ്യമുള്ളവർക്ക് മാസത്തിൽ 608 പൗണ്ട് തുകയാണ് മൊത്തമായി ലഭിക്കുക. ജനങ്ങൾ ഈ സ്കീം പൂർണമായി പ്രയോജനപ്പെടുത്തണമെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് അധികൃതർ ജനങ്ങൾക്ക് നൽകുന്നത്.