ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ 29 – ന് അവധിക്കാല നൃത്ത, യോഗ ക്ലാസുകളിൽ 17 വയസ്സുകാരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. രണ്ട് മുതിർന്നവർ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ് മെർസി സൈഡിലെ ആശുപത്രികളിൽ പ്രവേശിച്ചിരുന്നവർ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . എൽസി ഡോട്ട് സ്റ്റാൻകോംബ്, ആലീസ് ഡ സിൽവ അഗ്വിയർ, ബെബെ കിംഗ് എന്നിവരാണ് സൗത്ത്പോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്‌സൽ മുഗൻവ റുഡകുബാന എന്ന 17 കാരനെതിരെ മൂന്ന് കൊലപാതകങ്ങളും 10 കൊലപാതകശ്രമങ്ങളും ചുമത്തിയിട്ടുണ്ട്.
കൊലപാതകം നടത്തിയ 17 വയസ്സുകാരൻ അനധികൃത കുടിയേറ്റക്കാരനാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുകെയിലൊട്ടാകെ വ്യാപകമായി ആക്രമ സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. പ്രതി അനധികൃത കുടിയേറ്റം നടത്തിയ മുസ്ലീമാണെന്ന രീതിയിലുള്ള പ്രചാരണങ്ങളെ തുടർന്ന് ആ വിഭാഗത്തിൻറെ ആരാധനാലയങ്ങളിൽ പലതും ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി. ഈ സാഹചര്യത്തിൽ മതിയായ സുരക്ഷിതത്വം വിവിധ വിഭാഗങ്ങളിൽ പെട്ടവർക്ക് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഒരാഴ്ച മുമ്പ് പ്രശ്നങ്ങൾ ആരംഭിച്ചതിനു ശേഷമുള്ള രണ്ടാമത്തെ കോബ്ര അടിയന്തിര യോഗത്തിൽ അധ്യക്ഷത വഹിച്ചതിനു ശേഷം മാധ്യമങ്ങളുടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന കലാപങ്ങളിൽ 400 ലധികം അറസ്റ്റുകൾ ആണ് ഇതുവരെ നടന്നിരിക്കുന്നത്. ഇന്ന് രാജ്യമൊട്ടാകെ ഏകദേശം മുപ്പതോളം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അശാന്തിയും ആക്രമവും അഴിച്ചു വിടുന്നവർക്കെതിരെ ശക്തമായ നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലഹള നടത്തുന്നതിനിടെ നാശനഷ്ടം ഉണ്ടാക്കിയതിന് 18 കാരനായ ജെയിംസ് നെൽസനെ ജയിലിടച്ചു. ലഹളയിൽ പങ്കെടുത്തതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ആദ്യ വ്യക്തിയാണ് ഇയാൾ.
ഇതിനിടെ കുടിയേറ്റ വിരുദ്ധ സമരത്തിൽ യുകെയിലെ മലയാളികളും ആശങ്കയിലാണ്. ബെൽ ഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവ് കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രാത്രി ജോലി കഴിഞ്ഞ് വരുന്ന വഴി അക്രമി സംഘം പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്ന് നിലത്തിട്ടു മർദിക്കുകയായിരുന്നു. കുറച്ച് ദിവസം മുൻപ് യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇത് ചോദ്യം ചെയ്തതിൻെറ വൈരാഗ്യത്തിലാണ് പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി അക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പരുക്കേറ്റ ഇദ്ദേഹം ചികിത്സ തേടിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഭൂരിഭാഗവും. സംഭവത്തിന് പിന്നാലെ പ്രശ്‌നം ഉള്ള മേഖലയിൽ താമസിക്കുന്ന മലയാളികൾ ജാഗ്രത പുലര്‍ത്തണമെന്ന നിർദ്ദേശം വിവിധ മലയാളി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
Leave a Reply