ന്യൂസ് ഡെസ്ക് മലയാളം യുകെ
പലപ്പോഴും വിമാന യാത്രക്കാർക്ക് വ്യോമ ഗതാഗത നിയമങ്ങളെക്കുറിച്ച് മതിയായ ധാരണ ഇല്ലാത്തത് ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. യാത്രാ സമയത്ത് സ്വന്തം ആവശ്യത്തിനായും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനും കൊണ്ടുപോകുന്ന പല സാധനങ്ങളും അനുവദനീയമല്ലെന്നതിന്റെ പേരിൽ അവസാനം നിമിഷം ഉപേക്ഷിക്കേണ്ടി വരുന്നതിന്റെ സങ്കടം ഒന്ന് വേറെ തന്നെയാണ്. വിമാനയാത്രാ സമയത്ത് ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . പലപ്പോഴും ചട്ടങ്ങളും നിയമങ്ങളും സുരക്ഷാ മുൻകരുതലുകളുടെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് നടപ്പിൽ വരുത്തുന്നതെങ്കിലും അത് യാത്രക്കാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ഒട്ടേറെയാണ് .
അടുത്തവർഷം മുതൽ ഹാൻഡ് ലഗേജിൽ 2 ലിറ്റർ വരെ കുടിക്കാനുള്ള വെള്ളം ഉൾപ്പെടെയുള്ള ദ്രാവകങ്ങൾ
കൊണ്ടുപോകാമെന്നതാണ് പ്രധാനമായ മാറ്റം. നേരത്തെ ഇത് 100 മില്ലി ലിറ്റർ മാത്രമായിരുന്നു. ബോർഡിങ് പാസ് കിട്ടി വിമാനത്തിൽ പ്രവേശിക്കുന്നതിനായി കാത്തിരിക്കുന്ന സമയത്ത് പെട്ടെന്ന് ദാഹം മാറ്റാൻ ഇതുമൂലം യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കുട്ടികളുമായി മറ്റും യാത്ര ചെയ്യുന്നവർക്ക് നിലവിലെ നിയമം കടുത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരുന്നത് .
ഇത് കൂടാതെ വലിയ ടോയ്‌ലറ്ററികൾ കൊണ്ടുപോകാനും യാത്രക്കാർക്ക് അനുവാദം ഉണ്ട് . ഇത് മൂലം ചിലവ് കൂടിയ പാക്കേജ് ടോയ്ലറ്ററികൾ മേടിക്കുന്നത് ഒഴിവാക്കാനാവും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നവരുടെ പാസ്പോർട്ടിന് 10 വർഷത്തിൽ താഴെ മാത്രം പഴക്കമെ പാടുള്ളൂ എന്ന പുതിയ നിയമവും നിലവിൽ വരും. ബ്രെക്സിറ്റ് നിലവിൽ വന്നതിനു ശേഷം യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം നിലവിൽ വന്നിരിക്കുന്നത്. പല നിയമങ്ങളെക്കുറിച്ചും എയർപോർട്ട് ജീവനക്കാർക്ക് തന്നെ വ്യക്തത കുറവ് ഉള്ള സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാർ തങ്ങളുടെ പക്കൽ വ്യക്തമായ രേഖകൾ സൂക്ഷിച്ചിരിക്കണമെന്ന മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധർ പ്രധാനമായും നൽകുന്നത്. യുകെയിൽ നിന്ന് രണ്ട് ലിറ്റർ വെള്ളം ഹാൻഡ് ബാഗിൽ കൊണ്ടുപോകാമെങ്കിലും തിരിച്ചുള്ള യാത്രയിൽ അതാതു രാജ്യത്തിൻറെ നിയമം അനുസരിച്ചായിരിക്കും യാത്രക്കാർക്ക് സാധ്യമാകുക.
Leave a Reply