ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സബ് മറൈൻ സർവീസുകളിൽ സ്ത്രീ ജീവനക്കാർ മോശമായ പെരുമാറ്റം നേരിടുകയും ലൈംഗികമായി അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നുവെന്ന സ്ത്രീ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ബ്രിട്ടീഷ് റോയൽ നേവി തലവൻ. നിരവധി സ്ത്രീ ജീവനക്കാരാണ് ഇത്തരത്തിൽ വിവിധ റാങ്കുകളിൽ നിന്നുള്ള ഓഫീസർമാരിൽ നിന്ന് അധിക്ഷേപിക്കപ്പെട്ടുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വളരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പരാതികളാണ് ഉയർന്നുവന്നിരിക്കുന്നതെന്നും ഇത്തരത്തിലുള്ള ലൈംഗിക അധിക്ഷേപങ്ങൾക്ക് നേവിയിൽ യാതൊരു സ്ഥാനവും ഇല്ലെന്നും അഡ്മിറൽ സർ ബെൻ കി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻതന്നെ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കി ഇത്തരം അധിക്ഷേപങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നാണ് ആരോപണങ്ങളിൽ ഉയർന്നുവന്നിരിക്കുന്നത്. താൻ ഉറങ്ങുമ്പോൾ ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായി ഒരു സ്ത്രീ ജീവനക്കാരി മെയിൽ പത്രത്തോട് വ്യക്തമാക്കി. 2011ലാണ് നേവിയിൽ സ്ത്രീ റിക്രൂട്ട്മെന്റുകൾക്കുള്ള നിരോധനം നീക്കിയത്. അന്നുമുതൽ തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന്, സ്ത്രീകൾ വളരെയധികം ഈ സർവീസിൽ കഷ്ടം അനുഭവിക്കുന്നുണ്ടെന്നും പരാതികൾ വ്യക്തമാക്കുന്നു.
സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം ലൈംഗികപരമായ നീക്കങ്ങളും അധിക്ഷേപങ്ങളും എല്ലാം ഒരു സാധാരണ പ്രവർത്തിയായി തന്നെയാണ് ഇത്തരം ആളുകൾ കാണുന്നതെന്നും പരാതികളിൽ സ്ത്രീ ജീവനക്കാർ ആരോപിച്ചു. 2019 ലെ കണക്കുകൾ പ്രകാരം സബ്മറൈൻ സർവീസുകളിൽ ഒരു ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം ഉള്ളത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് റോയൽ നേവി തലവൻ ഉത്തരവിട്ടിട്ടുണ്ട്. തെറ്റുകൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകും എന്നും റോയൽ തലവൻ വ്യക്തമാക്കി.
Leave a Reply