പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥനും പൂങ്കാവ് സ്വദേശിയുമായ നെല്‍സണെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒളിവില്‍ പോയ നെല്‍സണിന് വേണ്ടി അന്വേഷണം തുടരുകയാണ്. ഇയാളെ പിടികൂടാന്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചതായും ജില്ലാപൊലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു.
ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് നെല്‍സണെതിരേ കേസ്. ഈ കേസില്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പെണ്‍വാണിഭ സംഘത്തിന് കാഴ്ചവച്ചിരുന്ന ആതിര എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയുടെ പിതാവ് വികലാംഗനും മാതാവ് രോഗിയുമാണ്. കുട്ടിയുടെ ബന്ധുവായ ആതിര സ്ഥിരമായി കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആതിരയെ തടഞ്ഞു വെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നെല്‍സണ്‍ അടക്കമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. ഇതേക്കുറിച്ച് വിവരം ലഭിച്ച നെല്‍സണ്‍ മേലുദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ ഒളിവില്‍ പോവുകയായിരുന്നു.
ആലപ്പുഴ ഡിവൈഎസ്പി പിവി ബേബിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും കേസില്‍ പ്രതിയായ ആതിരയുടെ അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു. ആതിരയെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആതിരയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Leave a Reply