കാരൂര്‍ സോമന്‍
അല്‍മാട്ടിയിലെ തണുപ്പിന് പറഞ്ഞറിയിക്കാനാവാത്ത ഒരു മൗനമുണ്ട്. ഏതൊരു സഞ്ചാരിയേയും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന ഒരു കുളിര്. പ്രകൃതിയുടെ ഋതുഭംഗികളെല്ലാം ചേര്‍ന്നു നില്‍ക്കുന്ന ഇവിടെ നില്‍ക്കുമ്പോള്‍ സഞ്ചാരത്തിന്റെ പുതിയൊരു പന്ഥാവ് പ്രകൃതി തന്നെ മുന്നില്‍ തുറന്നു തരികയാണെന്നു തോന്നി. 1929 മുതല്‍ 1936 വരെ കസാഖ് അസോസിയേഷന്‍ എന്ന ഒരു കൂട്ടം പ്രവിശ്യകളുടെ തലസ്ഥാന പട്ടണമായിരുന്നു അല്‍മാട്ടി. പിന്നീട് പ്രതാപങ്ങളുടെ ഏറ്റക്കുറിച്ചിലുകള്‍ക്കിടയില്‍ 1991 വരെ കസാഖ് സാമ്രാജ്യത്തിന്റെ തലസ്ഥാനവും. എന്നാല്‍ 1991 ല്‍ കഥ മാറി. കസാഖ്സ്ഥാന്‍ സ്വതന്ത്രമായി. അതോടെ അല്‍മാട്ടിയില്‍ നിന്നും കേന്ദ്രീകൃതമായ ഭൂപ്രകൃതിയുള്ള അസ്താനയിലേക്ക് തലസ്ഥാനം മാറി. പക്ഷേ, അല്‍മാട്ടിക്ക് നിയോഗം പിന്നെയുമുണ്ടായിരുന്നു. ചരിത്രപരമായ തലസ്ഥാനത്തേക്ക് മടങ്ങിവരാനുള്ള അവകാശം 1997ല്‍ വീണ്ടെടുത്തു. എന്നാല്‍ കസാഖിസ്ഥാന്റെ തലസ്ഥാനമായി അസ്താന പിന്നെയും തുടര്‍ന്നു.
കസാഖിസ്ഥാനിലെ ഏറ്റവും വലുതും വികസിതവുമായ സാംസ്‌കാരിക വൈവിദ്ധ്യമുള്ള നഗരമാണ് അല്‍മാട്ടി. ചൈനയോടും കിര്‍ഗിസ്ഥാനോടും ചേര്‍ന്നു കിടക്കുന്ന ഈ പ്രവിശ്യ ശരിക്കും കസാഖിസ്ഥാനിലെ വേറിട്ട ഒരു മേഖലയാണ്. ചരിത്രം അലതല്ലുന്ന ഈ കലാനഗരത്തില്‍ പക്ഷേ മറ്റു ചരിത്രനഗരങ്ങില്‍ കാണുന്നതു പോലെയുള്ള കെട്ടിട അവശിഷ്ടങ്ങളില്ല. ഒരു കാലത്ത് ഈ നഗരത്തില്‍ ധാരാളം വംശീയ റഷ്യക്കാരും ഉക്രൈനികളും ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ വികസനം മൂലം രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്യന്‍ പ്രദേശങ്ങളില്‍ നിന്നും തൊഴിലുകള്‍ക്കും വ്യവസായങ്ങള്‍ക്കുമായി നിരവധി പേര്‍ ഇവിടേക്കു കുടിയേറി. അങ്ങനെയെത്തിയവരുടെ ഒരു കൊളോണിയല്‍ സംസ്‌ക്കാരത്തിന്റെ പ്രത്യേകത കൊണ്ടാവും അല്‍മാട്ടി കൂടുതല്‍ സുന്ദരിയായതെന്നു പറയാം. ചൂടേറിയ വേനല്‍ക്കാലവും വളരെ തണുപ്പുള്ള ശൈത്യവുമാണ് ഇവിടെയുള്ളത്. എന്നാല്‍ ഏതു നിമിഷവും ഭൂകമ്പം പെയ്തിറങ്ങാവുന്ന ഒരു നഗരം കൂടിയാണിത്. മിക്കതും ഗണ്യമായ നാശനഷ്ടങ്ങളൊന്നും വരുത്തിയില്ലെങ്കിലും അല്‍മാട്ടിയില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമി കുലുങ്ങാമെന്നതാണ് സ്ഥിതി.
1997ല്‍ തലസ്ഥാനം രാജ്യത്തിന്റെ വടക്കന്‍ കേന്ദ്രമായ അസ്താനിലേക്ക് മാറിയെങ്കിലും പ്രതാപത്തിന്റെ കാര്യത്തില്‍ അന്നും ഇന്നും അല്‍മാട്ടിയില്‍ ഒരു വിട്ടുവീഴ്ചയുമില്ല. മറ്റു കസാഖിസ്ഥാന്‍ നഗരങ്ങളില്‍ നിന്നും അതു കൊണ്ട് തന്നെ അല്‍മാട്ടി വ്യത്യസ്തയുമാണ്. തലസ്ഥാനം കൈമോശം വന്നുവെങ്കിലും അല്‍മാട്ടിയെ കസാഖിസ്ഥാനിന്റെ ‘തെക്കന്‍ തലസ്ഥാനമായി’ ആണ് വിശേഷിപ്പിക്കപ്പെടുന്നത്. അല്‍മാട്ടി ഉള്‍പ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് കസാഖിസ്ഥാന്‍ ലോകത്തിലെ ഏറ്റവും വലിയ ഭൂപ്രകൃതിയുള്ള രാജ്യങ്ങളില്‍ ഒന്‍പതാമത്തേതാണ്. 2,724,900 ചതുരശ്ര കിലോമീറ്ററുള്ള (1,052,100 ചതുരശ്ര മൈലുകളാണുള്ളത്) കസാഖിസ്ഥാന്‍ മധ്യേഷ്യയിലെ ആധിപത്യം പുലര്‍ത്തുന്ന രാജ്യമാണ്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 60% എണ്ണ / വാതക വ്യവസായം വഴിയാണ് ഉത്പാദിപ്പിക്കുന്നത്. വലിയ ധാതു ഉറവിടങ്ങളും ഇവിടെയുണ്ട്. അല്‍മാട്ടിയിലും സ്ഥിതി വ്യത്യസ്തമല്ല.
വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെട്ട ജനാധിപത്യ, മതനിരപേക്ഷ, ഏകീകൃത, ഭരണഘടനാപരമായ റിപ്പബ്ലിക്കാണ് കസാക്കിസ്ഥാന്‍. റഷ്യ, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. കൂടാതെ കാസ്പിയന്‍ കടലിന്റെ വളരെ വലിയ ഭാഗവും. കസാഖിന്റെ ഭൂപ്രകൃതിയും ഭൂപ്രദേശങ്ങളിലും സാംസ്‌ക്കാരികമായുള്ള വൈവിധ്യവും പ്രകടം. ഇതു തന്നെ അല്‍മാട്ടിയിലും കാണാം, വിശാലമായ പുല്‍ത്തകിടിയോടു കൂടിയ താഴ്‌വരകള്‍, ഉയര്‍ന്ന കുന്നുകള്‍, പീഠഭൂമികള്‍, മഞ്ഞ് മൂടിയ മലകള്‍, മരുഭൂമികള്‍ എന്നിവയൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട്. അതു കൊണ്ട് തന്നെയാവണം സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകുന്നത്. അല്‍മാട്ടിയിലേക്കുള്ള വരവിന്റെ കണക്കു നോക്കിയാല്‍, 2016 ലെ കണക്ക് പ്രകാരം 22 ദശലക്ഷം ആളുകള്‍ കസാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതായി കാണാം. വലിയ ഭൂവിസ്തൃതിയുണ്ടെങ്കിലും, ജനസംഖ്യ സാന്ദ്രത ഏറ്റവും കുറവുള്ള രാജ്യം കൂടിയാണിത്. ഒരു ചതുരശ്ര കിലോമീറ്ററില്‍ വെറും ആറു ആള്‍ക്കാര്‍ മാത്രമേ ഇവിടെയുള്ളു. കാലാവസ്ഥപരമായ ഭൂപ്രകൃതിയാവണം ഇതിനു കാരണം.
ചരിത്രത്തിന്റെ മേച്ചില്‍പ്പുറം
തുര്‍ക്കിയുടെ പല വംശങ്ങളില്‍ നിന്നും കുടിയേറിയവരാണ് കസാഖിസ്ഥാനിലെ പൂര്‍വ്വികര്‍. പതിമൂന്നാം നൂറ്റാണ്ടില്‍ ചെങ്കിസ് ഖാന്റെ കീഴിലുള്ള മംഗോളിയന്‍ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ട കസാഖിസ്ഥാന്‍ പ്രദേശം പതിനാറാം നൂറ്റാണ്ടോടു കൂടി കസാക്കെ ഒരു പ്രത്യേക സംഘമായി വളരുകയും മൂന്നു ജൂസ് (പ്രത്യേക ഭൂവിഭാഗങ്ങള്‍ അധിവസിക്കുന്ന പൂര്‍വികരുടെ ശാഖകള്‍) ആയി മാറുകയും ചെയ്തു. ഉയര്‍ന്ന ധാതുലവണങ്ങളുടെ അക്ഷയഖനിയാണിതെന്ന തിരിച്ചറിവോടെ, പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യക്കാര്‍ കസാഖിന്റെ തലസ്ഥാനത്തിലേയ്ക്ക് മുന്നേറാന്‍ തുടങ്ങി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അവര്‍ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. അങ്ങനെ കസാക്കിസ്ഥാന്‍ മുഴുവനും റഷ്യന്‍ ഭരണത്തിന്റെ കീഴിലായി. അന്നൊക്കെ അല്‍മാട്ടിയുടെ പ്രതാപകാലമായിരുന്നു. റഷ്യന്‍ നഗരങ്ങളുടെ ആഢംബരതയ്ക്കുള്ളിലായിരുന്നു അല്‍മാട്ടിയിലെ ജനതയുടെ ജീവിതം. ആസ്വദിക്കാനുള്ളതെല്ലാം ഒരുക്കി നിര്‍ത്തിയായിരുന്നു അന്ന് അല്‍മാട്ടി തലയുയര്‍ത്തി നിന്നത്.
1917ലെ റഷ്യന്‍ വിപ്ലവത്തിനു ശേഷം അല്‍മാട്ടി പിന്നോക്കം പോയി. ആഢംബരങ്ങള്‍ക്ക് അറുതി വന്നു. റഷ്യന്‍ പ്രഭ്വിമാര്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്താതെയായി. ആഭ്യന്തര യുദ്ധവും മൂര്‍ച്ഛിച്ചു. ഇതിനെത്തുടര്‍ന്ന് കസാഖിസ്ഥാന്‍ ഭൂപ്രദേശം പല പ്രാവശ്യം പുനഃസംഘടിപ്പിച്ചു. 1936ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായ കസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയി മാറി. 1991 ല്‍ സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടപ്പോള്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ അവസാനത്തെ രാജ്യമായിരുന്നു കസാഖിസ്ഥാന്‍. പൂര്‍ണ്ണമായും റഷ്യക്കാരോടു കൂറു പുലര്‍ത്തിയ രാജ്യം. അല്‍മാട്ടിയില്‍ ഇന്നും കാണാം ആ റഷ്യന്‍ സ്‌നേഹം. മഞ്ഞു കുളിര്‍ വീഴ്ത്തുന്ന രാവുകളില്‍ അല്‍മാട്ടിയിലെ തെരുവോരങ്ങളിലൂടെ നടക്കുമ്പോള്‍ റഷ്യന്‍ ഗാനം ഉയരുന്നത് കേള്‍ക്കാം. ഇന്നത്തെ പ്രസിഡന്റ് നഴ്‌സുള്‍ട്ടന്‍ നസര്‍ബയേവ് അന്ന് രാജ്യത്തിന്റെ നേതാവായി രുന്നു. ചൈനയോടു ചേര്‍ന്നു കിടക്കുകയാണെങ്കിലും റഷ്യന്‍ സ്‌നേഹം ഇന്നും അല്‍മാട്ടിക്ക് ഒഴിവാക്കാനാവില്ല.
അല്‍മാട്ടി നഗരത്തിന് ഈ പേരു വരാനുള്ള കാരണത്തിനു പിന്നില്‍ പോലും അഗാധമായ ഈ റഷ്യന്‍ സ്‌നേഹത്തിന്റെ തിരുശേഷിപ്പ് കാണാം. ‘ആപ്പിള്‍’ (അലം) എന്ന കസാഖ് പദത്തില്‍ നിന്നാണ്, ‘ആപ്പിള്‍ നിറഞ്ഞത്’ എന്ന അര്‍ത്ഥം വരുന്ന അല്‍മാട്ടിയിലേക്ക് എത്തുന്നത്. റഷ്യയുടെ ആല്‍മ അതാ എന്ന പേര് റഷ്യന്‍ ഭാഷയില്‍ നിന്ന് സ്വാതന്ത്യ്രം നേടിയ ശേഷവും കസാഖിസ്ഥാന്‍ ഉപേക്ഷിച്ചില്ല. അങ്ങനെ ആപ്പിള്‍ നിറഞ്ഞ പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ നഗരത്തിന് ഈ പേര് ഇന്നും നിലനില്‍ക്കുന്നു.
റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭരണാധികാരികള്‍ വികസിപ്പിച്ചെടുത്ത ആദ്യത്തെ സിറ്റി പ്ലാന്‍ അനുസരിച്ച് അമെറ്റത്തിങ്ക നദിക്ക് തെക്ക് 2 കിലോമീറ്റര്‍ (1 മൈല്‍), പടിഞ്ഞാറ് 3 കിലോമീറ്റര്‍ (2 മൈല്‍) എന്നിവയാണ് അല്‍മാട്ടിയിലെ നഗരപഥങ്ങള്‍. പുതിയ നഗര പ്രദേശം താമസസ്ഥല ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. 1926 ലെ കൗണ്‍സില്‍ ഓഫ് ലേബര്‍ ആന്‍ഡ് ഡിഫന്‍സ്, തുര്‍കിസ്ഥാന്‍-സൈബീരിയ റെയില്‍വേയുടെ നിര്‍മാണത്തിന് അനുമതി നല്‍കിയതോടെ അല്‍മാട്ടിയുടെ വളര്‍ച്ച മറ്റൊരു തരത്തില്‍ കൂടി വികസിക്കുകയായിരുന്നു. അവധിക്കാലം ചെലവഴിക്കുന്ന നഗരം എന്നതിനപ്പുറത്തേക്ക് 1930 ല്‍ റെയില്‍വേയുടേയും നിര്‍മ്മാണം പൂര്‍ത്തിയായതോടെ വ്യാവസായികമായും അല്‍മാട്ടി പുരോഗമനം പ്രാപിച്ചു. ഈ വര്‍ഷം തന്നെ അല്‍മാട്ടിയില്‍ എയര്‍പോര്‍ട്ട് ആരംഭിച്ചു.
സോവിയറ്റ് ഗവണ്‍മെന്റിന്റെ കേന്ദ്രമായ മോസ്‌കോയിലേക്ക് അല്‍മാട്ടിയിയില്‍ നിന്നും നേരിട്ട് വിമാനം പറന്നിരുന്ന കാലമായിരുന്നു അത്. കസാഖിസ്ഥാനിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടമായി അല്‍മാട്ടി ഇതോടെ മാറി. ഈ ചെറിയ പട്ടണം കസാഖിലെ യുഎസ്എസ്ആര്‍ തലസ്ഥാനമാക്കി മാറ്റുകയും പുതിയ ഭരണ സൗകര്യങ്ങളും ഭവന നിര്‍മ്മാണവും വന്‍തോതില്‍ നിര്‍മ്മിക്കുകയും ചെയ്തു. സ്റ്റാലിന്‍ കാലഘട്ടത്തിലെ വലിയ ശുദ്ധീകരണം കസാഖിസ്ഥാനിലെ മറ്റു പ്രവിശ്യകളിലേക്ക് വ്യാപിച്ചു. അവിടെ നിരവധി ബുദ്ധിജീവികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, നേതാക്കന്മാര്‍, അദ്ധ്യാപകര്‍ എന്നിവരൊക്കെയും വിപ്ലവത്തിനായി ഇറങ്ങേണ്ടി വന്നു.
അല്‍മാട്ടിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും ഭൂമികുലുക്കങ്ങളെ അതിജീവീക്കാന്‍ ശേഷിയുള്ളതാണ്. ഇവിടെ അടിക്കടി ഭൂമിയൊന്നു കുലുങ്ങിയാലും പേടിക്കേണ്ടതില്ല. റഷ്യന്‍ അധിനിവേശ കാലം മുതല്‍ക്കേ നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങള്‍ക്കും ഇങ്ങനെയൊരു പ്രത്യേകത ഇവിടെ കാണാം. നഗരത്തിരക്കിലേക്ക് ഇറങ്ങിയാലും അല്‍മാട്ടിയിലെ നിരത്തുകളില്‍ വിവിധ തരത്തിലുള്ള പുഷ്പങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചെടികള്‍ കാണാം. കസാഖിസ്ഥാനിലെ ഉദ്യാന നഗരമെന്ന നിലയിലാണ് അല്‍മാട്ടി തന്റെ പ്രതിച്ഛായ സൃഷ്ടിച്ചിരിക്കുന്നത്. കല്‍ക്കമാന്‍, കോക്ക് ട്യൂബ്, ഗോര്‍ണി ഗിയാന്റ് എന്നിവിടങ്ങളെ മനോഹരമായി കൂട്ടിച്ചേര്‍ത്തു കൊണ്ട് അല്‍മാട്ടി ഇപ്പോള്‍ തന്റെ വിസ്തൃതി വികസിപ്പിച്ചിട്ടുണ്ട്. നിരവധി അംബരചുംബികളായ കെട്ടിടങ്ങള്‍, നഗരത്തിനുള്ളില്‍ തന്നെയുള്ള വിശാലമായ അപ്പാര്‍ട്ട്‌മെന്റ് ബ്‌ളോക്കുകള്‍, ഓഫീസ് കെട്ടിടങ്ങള്‍ എല്ലാം ചേര്‍ന്നു നഗരത്തിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു. നിറമാര്‍ന്ന നിരത്തുകളിലുടെ സഞ്ചരിക്കുമ്പോള്‍ വലിയ ബഹളങ്ങളൊന്നും ഇല്ലെന്നത് ഏതൊരു സഞ്ചാരിയേയും അത്ഭുതപ്പെടുത്തും. അല്‍മാട്ടി അങ്ങനെയാണ്, മൗനം കൊണ്ട് മനോഹാരിത ആഘോഷിക്കുന്ന ഒരു നഗരമാണ്.
ചൂടുള്ള വേനല്‍ക്കാലവും തണുപ്പുള്ള ശൈത്യവുമാണ് അല്‍മാട്ടിയിലെ കാലാവസ്ഥ. ഉയര്‍ന്നതും വിശാലവുമായ പര്‍വതങ്ങളുടെയും നീണ്ടു നിവര്‍ന്നു കിടക്കുന്ന താഴ്‌വാരങ്ങളുടെ സമൃദ്ധിയാലും ആര്‍ദ്രമായ കാലാവസ്ഥാ ഇവിടെ പ്രകടമാകുന്നു. വാര്‍ഷിക ശരാശരി താപനില വെറും 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. ഏറ്റവും തണുപ്പ് മാസമായ ജനുവരിയില്‍ 4.7 യായി ഡിഗ്രിയായി തണുപ്പ് താഴും. ഈ സമയത്ത് അല്‍മാട്ടി മഞ്ഞില്‍ കുളിച്ചിരിക്കുകയാവും. ഏറ്റവും ചൂട് കൂടിയ മാസം ജൂലൈ തന്നെ. ആ സമയത്തെ കൂടിയ ചൂട് ശരാശരി 23.8 ഡിഗ്രി സെല്‍ഷ്യസാണ്. മഞ്ഞ് വീഴ്ചയുടെ മനോഹരമായ ദൃശ്യങ്ങള്‍ അല്‍മാട്ടിയെ കൂടുതല്‍ സുന്ദരിയാക്കുമ്പോഴും സാധാരണ ജീവിതത്തിന ഇവിടെ മാറ്റമൊന്നുമില്ല. കനത്ത മഞ്ഞുവീഴ്ചയും താഴ്ന്ന താപനിലയും അനുഭവപ്പെടുമെങ്കിലും അല്‍മാട്ടിയില്‍ ചിലപ്പോള്‍ ശൈത്യകാലത്ത് മഴ അനുഭവപ്പെടുമെന്ന് ഞങ്ങളുടെ യാത്രാ ഗൈഡ് അറിയിച്ചു.
മധ്യേഷ്യയില്‍ ഏറ്റവും ശക്തമായ സാമ്പത്തിക രാഷ്ട്രത്തിന്റെ തലസ്ഥാനമായതു കൊണ്ടാവാം അല്‍മാട്ടിയില്‍ യൂറോപ്യന്‍ റഷ്യന്‍ സാംസ്‌ക്കാരിക തനിമ എവിടെയും പ്രകടം. ജനങ്ങളുടെ ജീവിത നിലവാരത്തിലും അതു പ്രകടം. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ യൂറോപ്യരുടെ അച്ചടക്കവും റഷ്യക്കാരുടെ അച്ചടക്കരാഹിത്യവും ഒരേപോലെ തീന്‍മേശയില്‍ അനുഭവപ്പെടുന്നു. ഭക്ഷണവിഭവത്തിന്റെ കാര്യവും അങ്ങനെ തന്നെ. ‘ഗ്രീന്‍ ഹില്‍’ എന്നര്‍ത്ഥം വരുന്ന കൊക്ക് ടോബിലേക്ക് ഇവിടെ നിന്ന് ഒരു ട്രാം ലൈന്‍ ഉണ്ട്. അതിലുള്ള യാത്ര അവിസ്മരണീയമാണ്. നഗരത്തിലെ ടെലിവിഷന്‍ ഗോപുരമായ അല്‍മാട്ടി ടവര്‍ ദൂരെ നിന്നേ കാണാം. അല്‍മാട്ടിയിലേക്ക് വിമാനമിറങ്ങുമ്പോള്‍ ആദ്യം കണ്ണില്‍ പെടുന്നതും ഈ അംബരചുംബി തന്നെ. ഗ്രീന്‍ ഹില്‍ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന മൃഗശാല, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌റ്റൈഡ് റൈഡ്‌സ്, റസ്റ്റോറന്റുകള്‍ തുടങ്ങിയ ഏതൊരു വിനോദസഞ്ചാരയെയും ഹരം പിടിപ്പിക്കുന്നതെല്ലാം ഇവിടെയുണ്ട്.
അല്‍മാട്ടിയുടെ തെക്കു കിഴക്കേ പര്‍വതമായ മെഡി വാലിക്ക് ഒരു പ്രത്യേകതയുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കേറ്റിങ്ങ് റിങ്കാണ് ഇത്. പതിനായിരം ചതുരശ്രമീറ്റര്‍ വലുപ്പമുള്ള ഐസ് റിങ്കാണിത്. ഇതു കൂടാതെ, സമുദ്രനിരപ്പില്‍ നിന്ന് 2,200 മീറ്റര്‍ (7,200 അടി) ഉയരത്തില്‍ സെയ്‌ലിസ്‌കി മലനിരയിലെ മെഡുവ താഴ്‌വരയുടെ മുകളില്‍ ഒരു സ്‌കീ റിസോര്‍ട്ട് ഉണ്ട്. ഇവിടേക്ക് എത്താന്‍ നഗരത്തിന് ഏകദേശം 25 കിലോമീറ്റര്‍ തെക്ക് മെഡിയോ റോഡിലൂടെ യാത്ര ചെയ്യണം. ഭൂകമ്പത്തെത്തുടര്‍ന്ന് പ്രകൃതിദത്തമായി ഉണ്ടായ ഒരു തടാകമാണ് കാണേണ്ട മറ്റൊരു കാഴ്ച. അല്‍മാട്ടി തടാകം എന്നു തന്നെയാണ് ഇതിന്റെ പേര്. ട്രാന്‍സ്ലി അലൈതാ പര്‍വതനിരകളിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. ട്രാന്‍സ് ഇലി അലിതൂവിലെ തടാകങ്ങളില്‍ ഭൂരിഭാഗവും ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായതാണ്.
രാത്രിയാണ് അല്‍മാട്ടി കൂടുതല്‍ സുന്ദരി എന്നു തോന്നി. രാത്രിയേറെ തുറന്നിരിക്കുന്ന പബ്ബുകള്‍, മദ്യശാലകള്‍, തെരുവോരങ്ങള്‍. നഗരത്തില്‍ മജീഷ്യന്മാരുടെ അഭ്യാസപ്രകടനങ്ങള്‍. റഷ്യന്‍ യുവതികളുടെ നൃത്തം. അലങ്കാര ദീപങ്ങളുടെ വര്‍ണ്ണശബളിമ. രാത്രിക്ക് തണുപ്പേറുന്നു. അല്‍മാട്ടിയില്‍ മഞ്ഞ് വീഴാന്‍ തുടങ്ങുകയാണ്. കുമിന്‍സ് (വീര്യം കുറഞ്ഞ മദ്യം) ഒരിറക്ക് അകത്താക്കി ശരീരത്തെ ചൂടാക്കി കട്ടിക്കൂടിയ പുതപ്പിനടിയിലേക്ക് നൂഴുമ്പോഴും അല്‍മാട്ടി ഉറങ്ങിയിരുന്നില്ല. സഞ്ചാരികളുടെ തിരക്കുകള്‍ക്കിടയിലും മൗനം നിറഞ്ഞ മഞ്ഞ് നിരത്തുകളിലേക്ക് മുകളിലേക്ക് പതുക്കെ പെയ്തിറങ്ങി….
Leave a Reply