ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ അനവധി വിദ്യാർത്ഥികൾക്ക് വലിയതോതിൽ കടബാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്നു. വിദ്യാഭ്യാസ വായ്പ എടുത്തതാണ് ഇതിന് കാരണം. 1.8 ദശലക്ഷം വിദ്യാർത്ഥികളുടെ കടം 50,000 പൗണ്ടോ അതിലേറെയോ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സ്റ്റുഡൻറ് ലോൺ കൊടുക്കുന്ന കമ്പനികളിൽ നിന്ന് 250,000 പൗണ്ട് വരെ ലോൺ എടുത്ത വിദ്യാർത്ഥികളും നിലവിലുണ്ട്.

61,000ത്തിലധികം വിദ്യാർത്ഥികളുടെ കടം 100,000 പൗണ്ടിന് മുകളിലാണ്. 50 ഓളം പേരുടെ കടം 200,000 പൗണ്ടിന് മുകളിലാണ്. വിദ്യാർത്ഥികൾ എടുത്തിരിക്കുന്ന ലോണും അവയുടെ തിരിച്ചടവും എത്രയാണെന്നതിനെക്കുറിച്ചുള്ള ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ഈ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. ചിലവേറിയതും ദൈർഘ്യമേറിയതുമായ കോഴ്സുകൾ പഠിക്കുന്ന കുട്ടികളുടെ പഠനം പൂർത്തിയാകുമ്പോൾ അവരുടെ തിരിച്ചടവ് ബാധ്യത ചിലപ്പോൾ പുറത്തു വന്നിരിക്കുന്ന കണക്കുകളെക്കാൾ വളരെ കൂടുതലാകാനും സാധ്യതയുണ്ട്.


ഉയർന്ന കടബാധ്യത വിദ്യാർത്ഥികളിൽ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു . പഠനത്തിനുശേഷം തിരിച്ചടവിന് സുഗമമായ രീതിയിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി ലഭിച്ചില്ലെങ്കിൽ ഈ കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാവും. ഇത്തരം ഉയർന്ന കടബാധ്യത വിദ്യാർത്ഥികൾക്ക് വരുന്നത് അപകടകരമാണെന്ന് സേവ് ദ സ്റ്റുഡൻസ് എന്ന കൂട്ടായ്മയുടെ പ്രതിനിധിയായ ടോം അല്ലിംഗ്ഹാം പറഞ്ഞു. ജോലി ലഭിച്ചു കഴിഞ്ഞ് കടബാധ്യത അടച്ചു തീർക്കാൻ മാത്രമേ ശമ്പളം തികയുള്ളൂ. അതുകൊണ്ട് തന്നെ നിങ്ങൾ എന്താണ് സമ്പാദിക്കുന്നത് എന്ന് വലിയ ഒരു ചോദ്യചിഹ്നമായി അവസാനിക്കുന്നതായി ടോം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് വിദ്യാർഥികളുടെ കടബാധ്യതയുടെ കാര്യത്തിൽ പ്രധാന പാർട്ടികളെല്ലാം മൗനംപാലിക്കുകയാണെന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് ( എൻ യു എസ് ) കുറ്റപ്പെടുത്തി.