ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സാറാ എവറാർഡിനെതിരെ തെരുവിൽ വെച്ച് നടന്ന അക്രമത്തിനു ശേഷം, പിന്നീടുള്ള മാസങ്ങളിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ അൻപത് ശതമാനം വർദ്ധിച്ചതായുള്ള പോലീസ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. 2021 ന്റെ അവസാന മൂന്ന് മാസങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇളച്ചു നൽകിയപ്പോഴാണ് ഇത്തരം അതിക്രമങ്ങൾ വർധിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലും വെയിൽസിലുമായി ഇത്തരത്തിൽ ഏകദേശം 250,000 ത്തോളം അതിക്രമങ്ങളാണ് നടന്നത്. ഇതിൽ ഭൂരിഭാഗവും നടന്നത് വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ ആണ്. ഇത്തരം ആക്രമണങ്ങൾ നടന്നത് 80 ശതമാനവും സ്ത്രീകൾക്കെതിരെയുമാണ്. ഈ റിപ്പോർട്ട് വന്നതോടെ ഇംഗ്ലണ്ടിലെ തെരുവുകൾ കൂടുതൽ സുരക്ഷിതം ആക്കണമെന്ന ശക്തമായ സമ്മർദ്ദം ഗവൺമെനന്റിനുമേൽ വന്നിരിക്കുകയാണ്. ഒരു വർഷം മുൻപേ പല വാഗ്ദാനങ്ങൾ നൽകിയെങ്കിലും അതിനനുസരിച്ചുള്ള നടപടികളൊന്നും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് വനിത കൂട്ടായ്മയുടെ പ്രവർത്തക കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം മാർച്ചിലാണ് മുപ്പത്തിമൂന്നുകാരിയായ സാറാ എവറാർഡിനെ സൗത്ത് ലണ്ടനിൽ വെച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അപായപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇത്തരത്തിൽ 16,645 ആക്രമണങ്ങളാണ് നടന്നത്.


സ്ത്രീകൾ ഇംഗ്ലണ്ടിലെ നിരത്തുകളിൽ സുരക്ഷിതരല്ലെന്നും, ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും വിവിധ സ്ത്രീ സംഘടനകൾ ആവശ്യപ്പെട്ടു. പോലീസ് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ ഇംഗ്ലണ്ടിലെ ഏറ്റവും കൂടുതൽ അസുരക്ഷിതമായ നഗരങ്ങളും സ്ഥലങ്ങളുമെല്ലാം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത് പാർക്കിംഗ് ഏരിയകളിലാണ്. അതിനുശേഷം സ്പോർട്സ്, റിക്രിയേഷൻ സെന്ററുകളാണ് അതിക്രമങ്ങൾ നടക്കുന്നതിൽ രണ്ടാമത് നിൽക്കുന്നത്. ലീഡ്‌സ്, ലിവർപൂൾ, ഡോൺകാസ്റ്റർ എന്നീ സ്ഥലങ്ങളാണ് അതിക്രമങ്ങൾ നടക്കുന്നതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത്. കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങൾ ഉടനുണ്ടാകുമെന്നാണ് അധികൃതർ ഉറപ്പു നൽകുന്നത്.