ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വടക്കൻ ഇംഗ്ലണ്ടിൽ യുവ കുറ്റവാളികളെ തടവിലാക്കിയിരിക്കുന്ന സ്ഥാപനത്തിലെ കുട്ടികളിൽ നിന്ന് ഒരു വർഷത്തിനിടെ ഏകദേശം 900 ആയുധങ്ങൾ പിടിച്ചെടുത്തതായി ജയിൽ നിരീക്ഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്. വെസ്റ്റ് യോർക്ക്ഷെയറിലെ വെതർബിയിലുള്ള എച്ച് എം യങ് ഒഫണ്ടേസ് ഇൻസ്റ്റിറ്റ്യൂഷനുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് കുട്ടികളുടെ കൈവശം നിരവധി ആയുധങ്ങൾ ഉണ്ടെന്ന് സ്ഥാപനത്തിൻ്റെ സ്വതന്ത്ര നിരീക്ഷണ ബോർഡ് കണ്ടെത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്. അഴികൾക്ക് പിന്നിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നിയതിനാൽ ആണ് ആയുധങ്ങൾ കൈവശം വെച്ചതെന്ന് കുട്ടികൾ ഐ എം ബിയോട് വ്യക്തമാക്കിയിട്ടുണ്ട്. ആശങ്ക ഉണർത്തുന്ന റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നതെന്ന് മോണിറ്ററിംഗ് ബോർഡിൻ്റെ ചെയർ കാതറിൻ പോർട്ടർ പറഞ്ഞു. ചിലർ സ്വന്തം സംരക്ഷണത്തിനായി ആയുധങ്ങൾ കൈവശം വയ്ക്കുമ്പോൾ, മറ്റു ചിലർക്ക് അക്രമം ഒരു ജീവിത രീതിയായി തന്നെ മാറിയെന്ന് പോർട്ടർ വ്യക്തമാക്കി. 2023 സെപ്റ്റംബറിനും 2024 ഓഗസ്റ്റിനും ഇടയിൽ 15-18 വയസ് പ്രായമുള്ള കുട്ടികളിൽ നിന്നാണ് ഈ ആയുധങ്ങളത്രെയും പിടിച്ചെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യോർക്ക്ഷെയറിലെ ഈ ജയിലിൽ കൊലപാതകം, നരഹത്യ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് റിമാൻഡ് ചെയ്യപ്പെട്ടവരും, ശിക്ഷ വിധിക്കപ്പെട്ടവരും ഉൾപ്പെടുന്നുണ്ട്. ഇതിൽ 38 കുട്ടികൾ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇവിടെ ഗുരുതരമായ അക്രമ സംഭവങ്ങൾ അരങ്ങേറുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കുന്നത്.