ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഗൗരവമായി ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രൈമറി സ്കൂൾ അധ്യാപകരിൽ 45% പേരും, സെക്കൻഡറി സ്കൂളുകളിൽ 78% പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ കുട്ടികളിൽ ഭക്ഷണവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണങ്ങൾ കണ്ടതായി അറിയിച്ചു. പ്രത്യേകിച്ച് സെക്കൻഡറി തലത്തിൽ ഇത് കൂടുതൽ ഗുരുതരമാണെന്നും, ചിലർ സ്ഥിരമായി ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. ഭക്ഷണം ഒഴിവാക്കൽ, കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിക്കൽ തുടങ്ങിയ വിവിധ തരത്തിലുള്ള ഈറ്റിംഗ് ഡിസോർഡറുകൾ കുട്ടികളിൽ വർധിച്ചുവരുന്നതായി വിദഗ്ധർ പറയുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങൾ ഭക്ഷണത്തോട് അനുബന്ധിച്ച് മാത്രം ഒതുങ്ങുന്നില്ല. സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരിൽ 68% പേർ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദത്തെ തുടർന്ന് സ്ഥിരമായ ഹാജർ കുറവ് കാണുന്നുണ്ടെന്ന് വ്യക്തമാക്കി. 76% പേരിൽ സാമൂഹിക ഇടപെടലുകളിൽ ബുദ്ധിമുട്ടുകൾ കാണുന്നുവെന്നും, 48% കുട്ടികളിൽ സ്ഥിരമായ ഉത്കണ്ഠ അനുഭവപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട് . അതേസമയം, സ്കൂളുകളിൽ കൗൺസിലർമാരുടെ കുറവ് ഗുരുതരമായി ഉയർന്നിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ കൗൺസിലർ ഇല്ലാത്ത സ്കൂളുകളുടെ എണ്ണം 29%ൽ നിന്ന് 40% ആയി വർധിച്ചു.

വിദ്യാർത്ഥികളുടെ പെരുമാറ്റ പ്രശ്നങ്ങളും പഠനത്തെ ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 66% അധ്യാപകർ ക്ലാസുകളിൽ കുട്ടികളുടെ മോശം പെരുമാറ്റം പഠനം തടസ്സപ്പെടുത്തുന്നതായി പറഞ്ഞു. പ്രൈമറി സ്കൂളുകളിലും പ്രത്യേക വിദ്യാർത്ഥികൾക്കായുള്ള സ്കൂളുകളിലും ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. ആവശ്യമായ വിഭവങ്ങളും പ്രത്യേക പരിശീലനവും ഇല്ലാത്തതിനാൽ അധ്യാപകർക്ക് ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും, സോഷ്യൽ മീഡിയയിലെ നെഗറ്റീവ് സ്വാധീനങ്ങളും കുട്ടികളുടെ പെരുമാറ്റത്തെ ബാധിക്കുന്നതായി ചിലർ അഭിപ്രായപ്പെട്ടു.











Leave a Reply