മാരാരി ബീച്ചിന് സമീപമുണ്ടായ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ (31) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. കഞ്ഞിപ്പാടം സ്വദേശി അഖിലിനാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ആറോടെയാണ് അപകടം. വൈദികൻ സഞ്ചരിച്ചിരുന്ന ബൈക്ക് തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന് സമീപത്തുവച്ച് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഖിലുമൊത്ത് ബൈക്കിൽ ആലപ്പുഴയിൽ നിന്നും വെട്ടയ്ക്കൽ പള്ളിയിലേക്ക്, ദിവ്യബലി അർപ്പിക്കുവാനായി പോകുന്പോഴായിരുന്നു അപകടം. ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാ.ഫ്രാൻസിസ് രാജു മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്കരിക്കും.
തുമ്പോളി പള്ളി, തുറവൂർ മരിയപുരം സെന്‍റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും ഫാ.ഫ്രാൻസിസ് രാജു സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചേർത്തല തെക്കുപഞ്ചായത്ത് രണ്ടാം വാർഡ് തൈക്കൽ കാക്കരി വീട്ടിൽ ആന്‍റണി-പൊന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാലസ്, സിബി, മാർട്ടിൻ, എൽസ.
Leave a Reply