ഷില്ലോങ്∙ ഫാദർ ടോം ഉഴുന്നാലിലിനെ രക്ഷപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ നിശ്ചയദാർഢ്യമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ‘അമേരിക്കയ്ക്കോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിനോ പോലും അതിനു സാധിച്ചില്ല. പക്ഷേ നമ്മൾ അദ്ദേഹത്തെ തിരികെ കൊണ്ടു വന്നു’ മേഘാലയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായെത്തിയ മന്ത്രി പറഞ്ഞു.
വിദേശകാര്യമന്ത്രിയെയും ഇക്കാര്യത്തിൽ അൽഫോൻസ് അനുമോദിച്ചു. മതമോ പ്രത്യേക വിഭാഗമോ നോക്കാതെ എല്ലാ പരൗന്മാരുടെയും സംരക്ഷണം ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. യെമനിൽ നിന്നു കഴിഞ്ഞ വർഷം മാർച്ചിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ഫാദർ ടോം ഉഴുന്നാലിൽ മോചിതനായ ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്.
അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശി ഫാദർ അലക്സിസ് പ്രേംകുമാറിനെ 2015ൽ മോചിപ്പിച്ചതും ലിബിയയിൽ നിന്ന് നഴ്സുമാരെ തിരികെയെത്തിച്ച സംഭവവും സർക്കാരിന്റെ നേട്ടമായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
അതിനിടെ, മേഘാലയയിലെ കോൺഗ്രസ് സർക്കാരിനെതിരെയും അൽഫോൻസ് ആഞ്ഞടിച്ചു. മുകുൾ സാങ്മയുടെ കീഴിലുള്ള സർക്കാർ അഴിമതി നിറഞ്ഞതാണ്. സര്‍ക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകുന്നില്ല. ലോകത്ത് വേറെ എവിടെയെങ്കിലും കാണുമോ ഇങ്ങനെയൊരു സർക്കാർ?
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഏഴാം ശമ്പള കമ്മിഷന്റെ ആനുകൂല്യം ആസ്വദിക്കുമ്പോഴും അഞ്ചാം ശമ്പള കമ്മിഷൻ ശുപാർശ പോലും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും അൽഫോൻസ് വിമർശിച്ചു. ക്രിസ്ത്യൻ വിഭാഗത്തെ പ്രീണിപ്പിക്കാനാണ് തന്നെ മന്ത്രിയാക്കിയതെന്ന ആരോപണം തെറ്റാണെന്നും അൽഫോൻസ് പറഞ്ഞു.
Leave a Reply