ആലുവ: ആയുർവേദ മരുന്നുകൾ വീടുകളിലെത്തി വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ആലുവയിൽ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശിനി ജോയ്സി (20) ആണ് മരിച്ചത്. ഇരുകാലുകളും നിലത്തുമുട്ടി വളഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടർന്ന് മരണത്തിൽ ദൂരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
മത്സ്യത്തൊഴിലാളി അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ് ജോയ്സി. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്ആർഎസ് ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു. ആലുവ പറവൂർ കവലയിൽ വിഐപി ലൈനിലുള്ള വാടക വീട്ടിലാണ് മൂന്നു സഹപ്രവർത്തകരോടൊപ്പം ജോയ്സി താമസിച്ചിരുന്നത്. സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു ഇവരുടെ ഓഫീസും. ഇവിടെ പുരുഷന്മാരും താമസിക്കുന്നുണ്ട്. ജൂണിയർ മാനേജരായി പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച ജോയ്സി ജോലിക്ക് പോയിരുന്നില്ല.
രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജോയ്സിയെ ആദ്യം കണ്ടത്. തുടർന്ന് രാത്രി പത്തോടെ സ്ഥാപന അധികൃതർ മരണവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.











Leave a Reply