ആലുവ: ഇടപാടുകാർ ബാങ്കിൽ പണയം വച്ച രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി മുങ്ങിയ യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ അങ്കമാലി സ്വദേശിനി സിസ് മോളെ മൂന്നു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ഇവർ താമസിക്കുന്ന അങ്കമാലി കറുകുറ്റിയിലെ വാടക വീട്ടിലും ഭർത്താവ് സജിത്തിന്റെ കളമശേരിയിലെ വീട്ടിലും ആലുവ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സൈബർ സെല്ലിനു ലഭിച്ച വിവരങ്ങളനുസരിച്ചു പ്രതികൾ അങ്കമാലിയിലുള്ളതായി സൂചനയുണ്ട്. എന്നാൽ അങ്കമാലിയിലെ ഏതെങ്കിലുമൊരു വീട്ടിൽ ഇവരുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ചു പോയതാണോയെന്നും സംശയിക്കുന്നു. രാജ്യം വിട്ടുപോകാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നീക്കത്തിലാണു പോലീസ്. അതിനിടെ അഭിഭാഷകർ മുഖേന കീഴടങ്ങുന്നതിനു യുവതിയും ഭർത്താവും പോലീസിനെ സമീപിച്ചതായും സൂചനയുണ്ട്.
ഇന്നലെ രാവിലെ പ്രതിയും ഭർത്താവും പിടിയിലായതായി അഭ്യൂഹം പരന്നിരുന്നു. ബാങ്കിൽ പണയ ഇടപാടുകളുടെ ചുമതലക്കാരിയായിരുന്ന സിസ്മോൾ 128 പേരുടെ 8,852 പവൻ സ്വർണ ഉരുപ്പടികൾ കവർന്നെന്നാണു കേസ്. ലോക്കറിലെ സ്വർണത്തിനു പകരം മുക്കുപണ്ടം വച്ചശേഷമായിരുന്നു കവർച്ച. സാധാരണ ലോക്കർ തുറക്കാൻ ബാങ്ക് മാനേജരുടെ കൈയിലെയും സ്വർണപ്പണയ ഇടപാട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥയുടെയും കൈയിലുള്ള താക്കോലുകൾ ഒരേസമയം ഉപയോഗിച്ചാലേ സാധ്യമാകൂ. ആരുമറിയാതെ തനിച്ച് ഇത്ര വലിയ കൃത്യം പ്രതിക്ക് എങ്ങനെ ചെയ്യാനായി എന്നത് പോലീസിനെ കുഴക്കുന്നുണ്ട്.
കൈക്കലാക്കിയ സ്വർണം വില്പന നടത്തിയും പണയപ്പെടുത്തിയും പണമാക്കി മാറ്റി ഭർത്താവ് സജിത്ത് ഷെയർ മാർക്കറ്റ് ബിസിനസിൽ ഉപയോഗിച്ചിരിക്കാമെന്നു സൂചനയുണ്ട്. ബാങ്ക് അധികൃതരുടെ പരാതിയിൽ സിഐ വിശാൽ ജോൺസനാണു കേസ് അന്വേഷിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നു പോലീസ് പറയുന്നു.
Leave a Reply