ആലുവയിൽ ഫ്ലാറ്റിൽ സ്ത്രീപുരുഷന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യമായ നിഗമനത്തിൽ എത്താനാകാതെ പോലീസ്. ഇരുവരും ഒന്നിച്ച് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന് റൂറൽ എസ്പി കെ.കാർത്തിക് പറഞ്ഞു.
നാലു ദിവസം മുൻപാണ് ആലുവ മണപ്പുറത്തിന് സമീപത്തെ ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിൽ പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കവും ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഇരുവരുടെയും ശരീരത്തിൽ മുറിവുകളോ മരണത്തിന് കാരണമായേക്കാവുന്ന പരുക്കുകളോ കണ്ടെത്തിയില്ല. കഴുത്തിൽ ഷാൾ മുറുകി ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ.
ജനലഴിക്ക് മുകളിലൂടെയെടുത്ത ഷാൾ ഇരുവരും കഴുത്തിൽ കെട്ടി മരിക്കാൻ ശ്രമിക്കാൻ ശ്രമിച്ചതായാണ് സൂചന. എന്നാൽ കെട്ടുപൊട്ടി ഒരാൾക്ക് മേൽ മറ്റൊരാൾ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ മൂന്നാം ദിനം കണ്ടെത്തിയത്. ഇങ്ങനെയെല്ലാം സാഹചര്യതെളിവുകൾ ആത്മഹത്യയെന്ന സൂചന നൽകിയിട്ടും ഇതിലേക്ക് നയിച്ച കാരണം വ്യക്തമാകാത്തത് കൊണ്ട് ഒരു നിഗമനവും ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉളളത്.
രമേശിനോടോപ്പം താമസിച്ച് ജോലി ചെയ്തിരുന്ന മോനിഷയോട് തിരിച്ച് നാട്ടിലെത്താൻ കഴിഞ്ഞ 24ന് ഭർത്താവ് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറ്റേന്നാണ് മരണം ഉണ്ടായത് എന്നാണ് നിഗമനം. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന ഷിബു എന്നയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Leave a Reply