വീടിനുള്ളിൽ തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹം നിലത്തിറക്കി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാൻസർ രോഗിയായ ഭാര്യ പൊലീസിനെ കാത്തിരുന്നതു 16 മണിക്കൂർ. പോസ്റ്റ്മോർട്ടത്തിനു മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ച് 19 മണിക്കൂർ പിന്നിട്ടിരുന്നു. നഗരമധ്യത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയുടെ നേരെ എതിർവശത്തെ വീട്ടിലാണ് സംഭവം.
പെയിന്റിങ് തൊഴിലാളിയായ തോട്ടയ്ക്കാട്ടുകര കുരുതിക്കുഴി ജോഷി (67) ആണ് തിങ്കളാഴ്ച പകൽ രണ്ടോടെ ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ ലിസി വൈകിട്ടെത്തി വാതിൽ തുറന്നപ്പോഴാണ് ഭർത്താവ് തൂങ്ങിനിൽക്കുന്നതു കണ്ടത്. അവരുടെ നിലവിളി കേട്ട് അയൽവാസികളും എസ്പിയുടെ ക്യാംപ് ഓഫിസിലെ പൊലീസുകാരുമെത്തി.
മരിച്ചോ ജീവനുണ്ടോ എന്നറിയാത്തതിനാൽ നിലത്തിറക്കി ആശുപത്രിയിൽ കൊണ്ടുപോകാമെന്നു നാട്ടുകാർ പറഞ്ഞെങ്കിലും സ്റ്റേഷനിൽ നിന്നു പൊലീസ് എത്താതെ ഒന്നും ചെയ്യരുതെന്നു വന്ന പൊലീസുകാർ വിലക്കി. അവരാണ് സ്റ്റേഷനിൽ അറിയിച്ചത്. 5.10ന് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി. ആൾ മരിച്ചെന്നും 6നു മുൻപു മഹസ്സർ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇറക്കാനാവില്ലെന്നും അവർ പറഞ്ഞു.
ഇതിനിടെ അൻവർ സാദത്ത് എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, നഗരസഭ കൗൺസിലർ ജെറോം മൈക്കിൾ എന്നിവരെത്തി. മരിച്ചിട്ട് ഏറെ സമയമായതിനാൽ മൃതദേഹം കേടാകാതിരിക്കാൻ ചിത്രങ്ങളും വിഡിയോയും എടുത്ത ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റണമെന്ന് അവർ അപേക്ഷിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല.
രാവിലെ 6നും വൈകിട്ട് 6നും ഇടയ്ക്കല്ലാതെ ഇൻക്വസ്റ്റ് നടത്തില്ലെന്ന കർക്കശ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ജോഷിയും ലിസിയും മാത്രമാണ് ഈ വീട്ടിൽ താമസം. മക്കളായ ബ്ലസ്സനും ബേസിലും വിദേശത്താണ്. ലിസി കീമോ കഴിഞ്ഞു ജോലിക്കു പോയിത്തുടങ്ങിയതേയുള്ളൂ.
പൊലീസിന്റെ നിസ്സഹകരണം മൂലം രാത്രി മുഴുവൻ മൃതദേഹം തൂങ്ങിക്കിടന്നതും ലിസി ചുവട്ടിൽ ഇരിക്കേണ്ടി വന്നതും ക്രൂരതയാണെന്ന് എംഎൽഎ പറഞ്ഞു. ഇന്നലെ രാവിലെ 6 മുതൽ വീട്ടുകാർ പൊലീസിനെ കാത്തിരുന്നെങ്കിലും വന്നില്ല. തുടർന്ന് എംഎൽഎ വീണ്ടും സിഐയെ വിളിച്ചു. 8 മണിയായിട്ടും പൊലീസിനെ കാണാതായപ്പോൾ കൗൺസിലർ ജെറോമും ജനശ്രീ ബ്ലോക്ക് ചെയർമാൻ ബാബു കൊല്ലംപറമ്പിലും കൂടി സ്റ്റേഷനിലേക്കു ചെന്നു.
അതിനു ശേഷം 9നാണ് പൊലീസ് എത്തിയത്. 20 മിനിറ്റിനുള്ളിൽ മഹസ്സർ തയാറാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്നു 10.30നു യുസി കോളജ് നിത്യസഹായമാത പള്ളിയിൽ. വിഷയം നിയമസഭയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംഎൽഎ പറഞ്ഞു.
Leave a Reply