ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവർപൂൾ : നിഷ്കളങ്കമായ ആ പുഞ്ചിരി ഇനിയില്ല. മധുരമേറിയ ഓർമ്മകൾ സമ്മാനിച്ച കുഞ്ഞുമാലാഖയ്ക്ക് നാടിന്റെ യാത്രമൊഴി. ഇനി അലെർട്ടെൻ സെമിത്തേരിയിൽ നിത്യവിശ്രമം. ഹൃദയം നുറുങ്ങുന്ന വേദനയിലും അമല മോളുടെ ഓർമകളെ നെഞ്ചോടു ചേർത്തു വെക്കുകയാണ് യുകെ മലയാളികൾ. ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്റെയും എയ്ഞ്ചൽ ആശിഷിന്റെയും ഏക മകൾ അമല മേരി ആശിഷ് (5), ഫെബ്രുവരി 4 വെള്ളിയാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. ഇന്നലെ ലിവർപൂൾ സെന്റ് മേരീസ്‌ യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. തുടർന്ന് അലെർട്ടൺ സെമിത്തേരിയിൽ സംസ്കാരം.

രണ്ട് വർഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ അമല മോളുടെ മരണവാർത്ത ഞെട്ടലോടെയാണ് യുകെ മലയാളികൾ കേട്ടത്. അമലയെ ഒരു നോക്ക് കാണാനും അന്തിമോപചാരമർപ്പിക്കാനും നിരവധി പേർ ഇന്നലെ ഭവനത്തിലും പള്ളിയിലുമായി എത്തി. രാവിലെ പത്തുമണിക്ക് അവളുടെ ചലനമറ്റ ശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം വീട്ടിലേക്കെത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണു നിറഞ്ഞു. ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം 11 മണിയോടെ മൃതദേഹം ലിവർപൂൾ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ എത്തിച്ചു. തുടർന്ന് പത്തോളം വൈദികരുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷ നടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം 2 മണിക്ക് അലെർട്ടൺ സെമിത്തേരിയിലേക്ക് യാത്രയായി. 2:40ന് എല്ലാവരെയും കണ്ണീരിലാഴ്ത്തി അവൾ മണ്ണിലേക്ക് മടങ്ങി.

പിറവം പാഴൂർ പരിയാരത്ത് മേരിലാൻഡ് കുടുംബാംഗമാണ് ആശിഷ്. മരണദിനം മുതൽ എല്ലാദിവസവും വൈകുന്നേരം അമലയുടെ ആത്മശാന്തിയ്ക്കായി വീട്ടിൽ പ്രാർത്ഥന നടന്നിരുന്നു. ഇത്രയും നാൾ ഓടി കളിച്ച വീട്ടിൽ ഇനി അമലയില്ല. എന്നാൽ ആ പിഞ്ചോമനയുടെ ഓർമ്മകൾ അവിടെ സുഗന്ധം പരത്തും. അമലയുടെ പുഞ്ചിരി മായുന്നില്ല; അതിന് മരണമില്ല. അമല മോൾക്ക് മലയാളം യുകെയുടെ കണ്ണീർ പൂക്കൾ.