ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യു കെയിലെ ഹൈ സ്ട്രീറ്റിൽ ആമസോൺ ആദ്യമായി ഭക്ഷ്യ – ഇതര സ്റ്റോർ ആരംഭിച്ചിരിക്കുകയാണ്. ഡാർറ്റ് ഫോർഡിനടുത്തുള്ള ബ്ലൂവാട്ടർ ഷോപ്പിംഗ് മാളിലുള്ള ഈ സ്റ്റോറിൽ ആമസോണിന്റെ ഏകദേശം രണ്ടായിരത്തോളം മികച്ച പ്രോഡക്റ്റുകൾ ലഭ്യമാകും. കസ്റ്റമേഴ്സ് 4 സ്റ്റാർ നൽകിയ പ്രോഡക്ടുകൾ മാത്രമാകും ഇവിടെ ലഭ്യമാകുക. യുഎസിന് പുറത്തുള്ള ആമസോണിന്റെ ആദ്യ 4 സ്റ്റാർ സംരംഭമാണ് ഇത്. യുഎസിൽ മാത്രം ഇതുപോലെ ഏകദേശം മുപ്പത് ഔട്ട്ലെറ്റുകൾ ഉണ്ട്. ബുക്സ്, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, ഗെയിംസ്, വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ മുതലായവ എല്ലാം തന്നെ ലഭ്യമാകും.
ഓൺലൈൻ വില തന്നെയാണ് ഇവിടെയുള്ളത് എന്ന് ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ പ്രൈസ് ടാഗുകളും ഉണ്ടാകും. എന്നാൽ കസ്റ്റമേഴ്സിന് ഈ സ്റ്റോറിൽ നിന്ന് സാധനം വാങ്ങുന്നതിനായി ഓൺലൈൻ ആമസോൺ അക്കൗണ്ട് നിർബന്ധമില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഓൺലൈനിൽ വാങ്ങിയ സാധനങ്ങൾ ശേഖരിക്കുവാനും തിരിച്ചു നൽകാനുമുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ഇതേപോലെ എത്ര സ്റ്റോറുകൾ ആണ് യുകെയിൽ തീരുമാനിച്ചിരിക്കുന്നത് എന്ന് ആമസോൺ യുകെ ഡയറക്ടർ അൻഡി ജോൺസ് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ഈ ആമസോൺ ഇത്തരത്തിൽ സ്റ്റോർ തുടങ്ങുന്നത് മറ്റ് റീട്ടെയിൽ കച്ചവടക്കാർക്ക് വൻ നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്. ആമസോൺ ഓൺലൈൻ ഷോപ്പിംങിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ആണ് ഇത്തരമൊരു നീക്കമെന്ന് റീട്ടെയിൽ എക്സ്പെർട്ട് നഥാലി ബെർഗ് ആരോപിച്ചു. നിലവിൽ ആമസോണിന്റെ ആറോളം ഗ്രോസറി സ്റ്റോറുകൾ യുകെയിൽ ഉണ്ട്.
Leave a Reply