കൊറോണ വൈറസ് വ്യാപനം ഓണ്‍ലൈന്‍ വില്‍പ്പനശാലയായ ആമസോണിന് നേട്ടമായെന്ന് റിപ്പോര്‍ട്ടുകള്‍. ആമസോണിന്റെ ഓഹരിവില മൂന്നിരട്ടിയായി ഉയര്‍ന്നു. ഒരു മാസത്തിനുള്ളിലാണിത്. സെക്കന്‍ഡില്‍ 11,000 ‍ഡോളര്‍ വെച്ച് ആമസോണിന്റെ ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നുവെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം ആമസോണിന്റെ ഉടമ ജെഫ് ബെസോസ് ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. 138 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ.

മഹാമാരിയുടെ വ്യാപനത്തോടെ മിക്ക കച്ചവടങ്ങളും പൂട്ടിയിരിക്കുകയാണ്. ലോകത്തിലെ വലിയൊരു ഭാഗം ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുന്നു. ഈ സന്ദര്‍ഭമാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുകൂലമായി വന്നിരിക്കുന്നത്. ഭക്ഷണസാമഗ്രികള്‍ മാത്രമല്ല, വിനോദരംഗത്തും ആമസോണുള്ളതു കൊണ്ട് ആ വഴിക്കും വലിയ നേട്ടമാണ് കമ്പനിക്കുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM

ചൊവ്വാഴ്ച മാത്രം ആമസോണിന്റെ ഒരു ഓഹരിയുടെ വില 2283 ഡോളറിലേക്ക് ഉയര്‍ന്നു. ഒരു മാസം മുമ്പ് ഓഹരിയുടെ വില 1,689. ഡോളറായിരുന്നു. ഇത് റെക്കോര്‍ഡ് വര്‍ധനയാണ്. കമ്പനിയുടെ മൊത്തം ആസ്തി 1.14 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ് ഇതോടെ. ബെസ്സോസ് ആമസോണിന്റെ 11 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നുണ്ട്.

അതെസമയം കൊറോണ വൈറസ് ആമസോണിന്റെ ജീവനക്കാരെയും ബാധിക്കുന്നുണ്ട്. ആമസോണിന്റെ യുഎസ്സിലെ സംഭരണശാലകളില്‍ എഴുപത്തഞ്ചോളം ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ചതായി ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളിലാണ് ഇവര്‍ ജോലിയെടുക്കുന്നതെന്ന് വ്യാപകമായ വിമര്‍ശനമുണ്ട്. ഈ പ്രശ്നം ചൂണ്ടിക്കാണിച്ച രണ്ട് ജീവനക്കാരെ ആമസോണ്‍ പുറത്താക്കിയതും വാര്‍ത്തയായിരുന്നു.