തീവ്രവാദ ഭീഷണി ഒഴിവാക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍. സംശയകരമായ ഓര്‍ഡറുകളെക്കുറിച്ച് എംഐ5ന് വിവരം നല്‍കണമെന്ന് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കത്തികള്‍, രാസവസ്തുക്കള്‍ എന്നിവക്കായി ലഭിക്കുന്ന ഓര്‍ഡറുകള്‍ അറിയിക്കണമെന്ന് ഇ കൊമേഴ്‌സ് സൈറ്റുകളോട് ആവശ്യപ്പെടാനാണ് പദ്ധതി. മാഞ്ചസ്റ്റര്‍ അറീന ഭീകരാക്രമണത്തിനായുള്ള ആയുധങ്ങള്‍ നിര്‍മിക്കാന്‍ സല്‍മാന്‍ അബേദി ഓണ്‍ലൈനിലാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
വിവിധ പേരുകളിലായിരുന്നു അബേദി ഈ വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയത്. പക്ഷേ എല്ലാം ഒരു അഡ്രസില്‍ തന്നെ ഡെലിവര്‍ ചെയ്യുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ നിരീക്ഷണത്തിലുള്ള ആളുകളില്‍ ഏജന്‍സികള്‍ പ്രത്യേകം ശ്രദ്ധ നല്‍കാനും തീരുമാനമുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൗണ്‍സിലുകള്‍, ലോക്കല്‍ പോലീസ് സേനകള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയിലേക്കും കൈമാറും. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കൊപ്പം ഈ സംവിധാനങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്.
ഈ സര്‍ക്കാര്‍ ഭീകരവാദത്തിനെതിരായി കഴിയാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും തേടുമെന്ന് പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഹോം സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഈ വിധത്തില്‍ എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ഭീകരവാദത്തെ ചെറുക്കാന്‍ ഫലപ്രദമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
Leave a Reply