ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രൻ കുറ്റസമ്മതത്തിൽ പറഞ്ഞതു ഞെട്ടിക്കുന്ന വിവരങ്ങൾ. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ആളാണ് രാജേന്ദ്രൻ. എന്നാൽ, തമിഴ്നാട്ടിൽ കുപ്രസിദ്ധി കൊലപാതക കേസുകളിൽ. യുവതി കൊല്ലപ്പെട്ട ചെടിക്കടയിൽ രാവിലെ 11.35 മുതൽ 11.55 വരെ പ്രതി ചെടിക്കടയിൽ ചെലവിട്ടു. ഇതിനിടയിൽ വിനീത ഇയാളോട് ചെടിച്ചട്ടി ഏതു സൈസ് ആണ് വേണ്ടതെന്ന ചോദിച്ചു. ഇതോടെ ഉത്തരമില്ലാതെ ഇയാൾ പരുങ്ങലിലായി. ചെടിച്ചട്ടിയിൽ നോക്കിക്കൊണ്ടു നിൽക്കുന്നതിനിടെ വിനീതയെ തള്ളി താഴെയിട്ടു.
എതിർക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. സ്വയരക്ഷയ്ക്കുവേണ്ടി വിനീത നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതിക്കു മുറിവേറ്റത്. മാല മോഷണത്തെ എതിർത്തതോടെ വീണ്ടും കുത്തിപ്പരിക്കേൽപ്പിച്ചു. ആഴത്തിലുള്ള കുത്തിൽ വിനീതയുടെ സ്പൈനൽ കോർഡ് വേർപെട്ടു പോയി. ഒരു കൈ മടങ്ങിയ അവസ്ഥയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. വിനീതയെ കുത്തിവീഴ്ത്തി മാല കൈക്കലാക്കിയെങ്കിലും അതിവേഗം അവിടെനിന്നു രക്ഷപ്പെടാനൊന്നും പ്രതി മെനക്കെട്ടില്ല. കടയുടെ പടിക്കെട്ടിൽ കുറെ നേരം കൂടി ഇരുന്നു. വിനീത മരണം ഉറപ്പിച്ച ശേഷം മാത്രമാണ് സ്ഥലത്തുനിന്നു പ്രതി പോയത്.
വിനീതയും പ്രതിയും തമ്മിൽ കശപിശ നടക്കുമ്പോൾ അടുത്തുള്ള വീട്ടുകാർ മറ്റ് ആവശ്യങ്ങൾക്കു വാഹനവുമായി പുറത്തു പോയിരുന്നു. എതിർവശത്തെ വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടുള്ളതു പ്രതി മനസിലാക്കിയിരുന്നു. കൂടുതൽ സമയം ഇവിടെ നിന്നാൽ പ്രശ്നമാകുമെന്നു മനസിലാക്കിയതോടെ കൂടുതൽ പണത്തിനു വേണ്ടി പരിശോധനയ്ക്കു മുതിരാതെ സ്ഥലത്തുനിന്നു പോകുകയായിരുന്നു ഈ കൊടും കുറ്റവാളി. രാജേന്ദ്രനെതിരേ തമിഴ്നാട്ടിൽ മാത്രം നാലു കൊലപാതക കേസുകളാണ് ഉള്ളത്. തമിഴ്നാട്ടിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണെന്നു പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിൽ വന്ന പ്രതി മറ്റൊരു കൊലപാതകംകൂടി നടത്തിയിരിക്കുന്നത്.
ദമ്പതിമാരെ കൊന്നത് 2014 ആണ്. അതും ആഭരണങ്ങൾ കൈക്കലാക്കുന്നതിന്. സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്ന തുക കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രകൃതമൊന്നും ഇയാൾക്കില്ല. അലഞ്ഞുനടന്നു മോഷണം നടത്തുക, എതിർക്കുന്നവരെ ഉപദ്രവിക്കുകയോ വകവരുത്തുകയോ ചെയ്യുക എന്നതാണ് ഇയാളുടെ രീതി. ‘മൗനിയായി നിൽക്കുന്ന കൊടും ക്രൂരൻ’ എന്നാണ് പോലീസ് ഇയാളെ വിശേഷിപ്പിക്കുന്നത്. ഏതൊരു വ്യക്തിയോടും വിനയത്തോടുകൂടി സംസാരിക്കും. പക്ഷേ, ചെയ്യുന്ന പ്രവൃത്തി ആരെയും ഭയപ്പെടുത്തും. തമിഴ്നാട്ടിലെ അറിയപ്പെടുന്ന റൗഡിയാണ് രാജേന്ദ്രൻ. ഒരു മാസം മുമ്പാണ് പേരൂർക്കടയിലെ ഒരു ടീ സ്റ്റാളിൽ ജോലിക്കെത്തുന്നത്.
ഇയാളുടെ പ്ലസ് പോയിന്റ് ആയ വിനയമാണ് കടയുടമയെ ജോലി നൽകാൻ പ്രേരിപ്പിച്ചത്. ഇത്രയും നാളിനിടയ്ക്ക് ഇയാളിൽനിന്നു മറ്റുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കടയുടമയുടെ സാക്ഷ്യം. 10 ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒരെണ്ണത്തിന് ഉത്തരം പറഞ്ഞാലായി. ഇതു പോലീസ് സംഘത്തെ ഏറെ വിഷമിപ്പിച്ചു. അതുകൊണ്ടുതന്നെ ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ചോദിച്ചറിയാൻ സാധിച്ചത്. പ്രതി മുമ്പ് തിരുവനന്തപുരത്തു വന്നു പോയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. തെളിയാതെ കിടക്കുന്ന മാല മോഷണ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നുള്ളതാണ് മറ്റൊരു അന്വേഷണം.
കൊല നടത്തുന്നതിനു മുമ്പ് അമ്പലമുക്കിലെ ഒട്ടുമിക്ക റോഡുകളിലും എത്തി ചില വിവരങ്ങൾ ഇയാൾ അന്വേഷിച്ചിരുന്നതായി പരിസരവാസികൾ പറയുന്നുണ്ട്. കഷ്ടിച്ച് ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ പ്രധാനപ്പെട്ട എല്ലാ റോഡുകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും എങ്ങനെ പ്രതി മനസ്സിലാക്കി എന്നതാണ് പോലീസിനെ അതിശയിപ്പിക്കുന്നത്. മൗനിയായി നടക്കുന്നതിനാൽ വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് രാജേന്ദ്രന് ഉണ്ടായിരുന്നത്. വളരെ വർഷങ്ങളായി വീട്ടുകാരുമായും ബന്ധുക്കളുമായും ഇയാൾക്ക് അടുപ്പമൊന്നുമില്ല. കൊടും ക്രൂരനായ രാജേന്ദ്രൻ വിവാഹിതനല്ല എന്നതാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
Leave a Reply