ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ ട്രാവൽ ട്രാഫിക് ലൈറ്റ് സിസ്റ്റം കൂടുതൽ ലളിതമാകുന്നു. ആമ്പർ ലിസ്റ്റ് റദ്ദാക്കാനുള്ള തീരുമാനം സ്വീകരിച്ചു കഴിഞ്ഞു. ഇനി റെഡ് ലിസ്റ്റ് മാത്രമാകും ഉണ്ടാകുക. നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ നാല് മുതലാണ് ഇത് നടപ്പിലാകുക. ബുധനാഴ്ച മുതൽ എട്ട് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി. തുർക്കി പോലുള്ള സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന ആളുകൾക്ക് ഇനിമുതൽ ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ല എന്നാണ് ഇതിനർത്ഥം. കൂടാതെ, ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന പൂർണമായും കുത്തിവയ്പ് സ്വീകരിച്ച യാത്രക്കാർക്ക് ഇനി പിസിആർ ടെസ്റ്റുകളും ആവശ്യമില്ല. ഒക്ടോബറിൽ പിസിആർ ടെസ്റ്റിന് പകരം വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ ലാറ്ററൽ ഫ്ലോ ടെസ്റ്റ് ഏർപ്പെടുത്താനും പദ്ധതിയുണ്ട്.

 

തുർക്കി, പാക്കിസ്ഥാൻ, മാലിദ്വീപ്, ഈജിപ്ത്, ശ്രീലങ്ക, ഒമാൻ, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തേക്കും. ഇംഗ്ലണ്ടിന്റെ ഈ നടപടിയെ പിന്തുടരുമെന്ന് വെയിൽസ് വ്യക്തമാക്കി. പുതിയ യാത്രാ നിയമങ്ങൾ പുതുവർഷം വരെ നിലനിൽക്കുമെന്ന് ഗതാഗത സെക്രട്ടറി കൂട്ടിച്ചേർത്തു. റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുന്നതോടെ മാലദ്വീപ്, മെക്സിക്കോ , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ യാത്രക്കാർ എത്തി തുടങ്ങും.

നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതോടെ ഈ വാരാന്ത്യത്തിൽ വിദേശയാത്രകൾക്കുള്ള ബുക്കിംഗിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്ന് യാത്രാ വിദഗ്ധർ പ്രതീക്ഷിക്കുന്നു. വാക്സിൻ സ്വീകരിക്കാത്തവർ വിദേശത്ത് നിന്ന് വരികയാണെങ്കിൽ അവർ ഐസൊലേഷനിൽ കഴിയേണ്ടത് നിർബന്ധമാണ്. ഒപ്പം രണ്ട്, എട്ട് ദിവസങ്ങളിൽ രണ്ട് പിസിആർ ടെസ്റ്റുകൾ നടത്തുകയും വേണം. ആമ്പർ ലിസ്റ്റ് ഇല്ലാതാവുന്നതോടെ അതിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങൾ കൂടാതെ ബ്രിട്ടീഷ് സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ സാധിക്കും.