ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ സീസണിൽ നാമകരണം ചെയ്തിരിക്കുന്ന ആദ്യത്തെ കൊടുങ്കാറ്റായ ആഷ്‌ലി അപകടകരമാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ് . ചില സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും അറിയിപ്പുണ്ട്.


സ്‌കോട്ട്‌ ലൻഡ് , വടക്കൻ അയർലൻഡ് , വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട് , വെയിൽസ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഞായറാഴ്ച പുലർച്ചെ 3 മണിക്ക് കാറ്റിനുള്ള യെല്ലോ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു. ഇന്ന് അർദ്ധരാത്രി വരെ മുന്നറിയിപ്പ് നിലവിൽ ഉണ്ടാകും. കടൽ തീരത്ത് വലിയ തിരമാലകൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പിൽ പറഞ്ഞു. അതിശക്തമായി വീശുന്ന കാറ്റ് അപകടങ്ങൾക്കും ജീവനും ഭീഷണിയാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. റോഡുകളിൽ തടസ്സം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ യാത്ര ചെയ്യുന്നതിൽ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് സ്കോട്ട്‌ ലൻഡ് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശക്തമായ കാറ്റ് തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഠിനമായ കാലാവസ്ഥ കാരണം റോഡ്, റെയിൽ ഗതാഗതം വ്യാപകമായി തടസ്സപ്പെടുവാനുള്ള സാധ്യതയും നിലവിലുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് ഞായറാഴ്ച രാത്രി പിറ്റ്‌ലോക്രിയിലെ എൻചാൻറ്റഡ് ഫോറസ്റ്റ് ലൈറ്റ് ഷോ ഉൾപ്പെടെയുള്ള ചില പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഞായറാഴ്ചത്തെ ഗ്രേറ്റ് സൗത്ത് റൺ റദ്ദാക്കി. കാലാവസ്ഥ കാരണം സുരക്ഷിതമായി ഇവൻ്റ് നടത്താൻ കഴിയില്ലെന്ന് സംഘാടകർ അറിയിച്ചതിനെ തുടർന്നാണ് പോർട്ട്സ്മൗത്തിലെ 10 മൈൽ ഓട്ടം പിൻവലിച്ചത്.