അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ കാലതാമസമെടുത്തിട്ടില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനസ്. പോലീസ് സംരക്ഷണത്തോടെയാണ് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചതെന്നും അനസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഗുരുതര അനാസ്ഥയെ തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ചുവെന്നാണ് ആരോപണം.

വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്നാണ് കൃത്യസമയത്ത് എത്തിയത്. എന്നാല്‍, ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എറണാകുളത്തെ ആശുപത്രിയില്‍നിന്ന് തിരിച്ചത്. രണ്ട് ഡോക്ടര്‍മാരും കൂടെയുണ്ടായിരുന്നു. വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി. എത്തിയ ഉടന്‍ അവയവുമായി അവര്‍ കയറിപ്പോയി.

പിന്നീടാണ് ശസ്ത്രക്രിയ വൈകിയതും രോഗി മരിച്ചതുമറിഞ്ഞത്. കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ഞാനും കൂടെയുണ്ടായിരുന്നവരും പോലീസുകാരും ആംബുലന്‍സ് അസോസിയേഷന്റെ ആള്‍ക്കാരുമെല്ലാം ഏറെ പണിപ്പെട്ടാണ് കൃത്യസമയത്ത് അവയവം സുഗമമായി തിരുവനന്തപുരത്ത് എത്തിച്ചത്. ഇതിന് മുന്‍പും അവയവം എത്തിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും അനസ് പ്രതികരിച്ചു.