ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചതിന്റെ ആഘാതത്തിലാണു പാലക്കാട് തണ്ണിശ്ശേരി. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. നെല്ലിയാമ്പതിയിലെ കൊക്കയിലേക്കു മറിഞ്ഞ കാറിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടവരിൽ രണ്ടു പേരുടെ ജീവൻ മണിക്കൂറുകൾക്കുള്ളിൽ റോഡിൽ പൊലിഞ്ഞു. പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശികളായ ഫവാസ്, ഉമറുൽ ഫാറൂഖ് എന്നിവരാണു കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടതിനു പിന്നാലെ ആംബുലൻസ് അപകടത്തിൽ മരിച്ചത്.

ഷൊർണൂരിൽ നിന്ന് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ചവർ. ഇവർ വന്നിരുന്ന കാർ ഉച്ചയ്ക്കു മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞിരുന്നു. പരുക്കേറ്റവരെ നാട്ടുകാരാണ് കെഎസ്ആർടിസി ബസിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് സ്കാനിങ് ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

സുഹൃത്തുക്കളായ ഫവാസ്, ഉമറുൽ ഫാറൂഖ്, ഇദ്ദേഹത്തിന്റെ സഹോദരൻ ജംഷീർ, വെളുത്തേരിൽ ഷാഫി എന്നിവർ രാവിലെ നെല്ലിയാമ്പതിക്കു പുറപ്പെട്ടതാണ്. കാഴ്ചകൾ കണ്ടു മടങ്ങുന്നതിനിടെ കുണ്ട്റചോലയ്ക്കടുത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു. അൻപതടിയിലേറെ താഴ്ചയിലുള്ള മരത്തിൽ കാർ കുടുങ്ങി. കാറിനു പിന്നാലെ വന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്നാണു രക്ഷിച്ചത്.

കൊക്കയിലേക്കു വീണിട്ടും കാറിലുണ്ടായിരുന്നവർക്കു കാര്യമായ പരുക്കുകൾ പറ്റിയില്ല. ഇവരെ കെഎസ്ആർടിസിയിൽ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷ നൽകി വിട്ടപ്പോഴേക്കും വിവരമറിഞ്ഞു നാട്ടിൽ നിന്നു ബന്ധുക്കളായ ഓട്ടോ ഡ്രൈവർ നാസറും വ്യാപാരി സുബൈറും എത്തി. പാലക്കാട്ടേക്കു ബസ് കുറവായതിനാൽ എങ്ങനെ പോകുമെന്നു ചിന്തിക്കുമ്പോഴാണ്, അവശനിലയിലുള്ള രോഗിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസ് പോകുന്ന വിവരമറിഞ്ഞത്.

ജംഷീർ ഒഴികെ എല്ലാവരും ഇതിൽ കയറി. എന്നാൽ അതു ദുരന്തത്തിലേക്കു മടക്കമില്ലായാത്രയായി. ആംബുലൻസിൽ സ്ഥലമില്ലാത്തതിനാൽ മാറി നിന്ന ജംഷീറും പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന ഷാഫിയും (13) മാത്രം രക്ഷപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവന്റെ ഒരു തുടിപ്പു ബാക്കിയുണ്ടെങ്കിൽ അവരെ രക്ഷിച്ചെടുക്കാൻ സർവസജ്ജരായി കാത്തുനിന്ന ജില്ലാ ആശുപത്രിയിലേക്കു വന്നത് അപകടത്തിൽ മരിച്ചവരുടെ ചേതനയറ്റ ശരീരങ്ങൾ. തണ്ണിശ്ശേരിയിൽ അപകടം ഉണ്ടായെന്ന വിവരം അറിഞ്ഞയുടൻ ട്രോമാ കെയർ സജ്ജമായിരുന്നു. ഓരോരുത്തരെ കൊണ്ടുവരുമ്പോഴും ഡോക്ടർമാരടക്കമുള്ളവർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനില്ലായിരുന്നു.

ജില്ലാ ആശുപത്രി പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാളും ആശുപത്രി സൂപ്രണ്ട് ഡോ.കെ.രമാദേവിയും ഉടൻ ആശുപത്രിയിലെത്തി. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ഉടൻ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ആരംഭിച്ചു. വൈകിട്ടു 4 കഴിഞ്ഞാൽ പോസ്റ്റ്മോർട്ടം പതിവുള്ളതല്ല. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ മാറ്റിവച്ചാണ് ആരോഗ്യവകുപ്പും പൊലീസും ഒരുപോലെ സഹായവുമായി എത്തിയത്.

നിയുക്ത എംപി വി.കെ.ശ്രീകണ്ഠൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.ഡി.പ്രസേനൻ, നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, കലക്ടർ ഡി.ബാലമുരളി, മുൻ എംപി എം.ബി.രാജേഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികൾ.