ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഫെബ്രുവരി 6 -ന് ഇംഗ്ലണ്ടിലും വെയിൽസിലും നേഴ്സുമാർ സമരം പ്രഖ്യാപിച്ചിരിക്കുന്ന അന്നുതന്നെ ആംബുലൻസ് ഡ്രൈവർമാരും പണിമുടക്ക് നടത്തും. ആരോഗ്യമേഖലയിലെ രണ്ടു വിഭാഗം ജീവനക്കാർ ഒരേ ദിവസം സമരമുഖത്തിറങ്ങുന്നത് എൻഎച്ച്എസിനെ കടുത്ത പ്രതിസന്ധിയിൽ ആക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എൻ എച്ച് എസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആംബുലൻസ് ജീവനക്കാരും റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയനും ഒരേ ദിവസം സമരമുഖത്തിറങ്ങുന്നത്.
ഫെബ്രുവരി 6 , 20 മാർച്ച് 6, 20 എന്നീ തീയതികളിൽ ആംബുലൻസ് ഡ്രൈവർമാരെ കൂടാതെ പാരാമെഡിക്കുകൾ, കോൾ ഹാൻഡ്‌ലർമാർ , സപ്പോർട്ട് വർക്കർമാർ എന്നിവരും പണിമുടക്കും. നിലവിൽ ഫെബ്രുവരി 6, 7 തീയതികളിൽ നടക്കുന്ന നേഴ്സുമാരുടെ പണിമുടക്കിൽ 73 ട്രസ്റ്റുകളിൽ നിന്നുള്ള യൂണിയൻ അംഗങ്ങൾ ആണ് പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ പണിമുടക്കിനെ അപേക്ഷിച്ച് കടുത്ത പ്രതിസന്ധിയിലേയ്ക്ക് എൻഎച്ച്എസ് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം മറ്റ് ആരോഗ്യ മേഖലയിലെ ജീവനക്കാരും പണിമുടക്കുന്നത് എൻഎച്ച്എസിന്റെ പ്രതിസന്ധി രൂക്ഷമാക്കും.
ചർച്ചകൾക്കുള്ള എല്ലാ വാതിലുകളും തുറന്നെങ്കിലും വേതന വർദ്ധനവിന്റെ കാര്യത്തിൽ ഗവൺമെൻറ് നിലപാട് ആശാവഹമല്ലെന്നാണ് യൂണിയനുകൾ പ്രതികരിച്ചത്. സമര ദിവസങ്ങളിലും അടിയന്തര സേവനങ്ങൾ മുടക്കമില്ലാതെ നടക്കുമെന്നാണ് അവകാശപ്പെടുന്നതെങ്കിലും പല ആശുപത്രികളിലെയും സ്ഥിതി തികച്ചും പരിതാപകരമാണ്. പണപ്പെരുപ്പത്തിനും വർധിച്ചുവരുന്ന ജീവിത ചിലവുകൾക്കും ആനുപാതികമായുള്ള ശമ്പള വർദ്ധനവാണ് നേഴ്സുമാരുൾപ്പെടെയുള്ള യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ആവശ്യം
Leave a Reply