ലണ്ടൻ : ലണ്ടനിൽ വീണ്ടും അമേരിക്കൻ എക്സ്എൽ ബുള്ളി നായ ആക്രമണം. വെള്ളിയാഴ്ച വൈകുന്നേരം സൗത്ത് ലണ്ടൻ പാർക്കിൽ വച്ച് നായയുടെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൾവർത്തിലെ പാസ്‌ലി പാർക്കിൽ 40 വയസ്സുള്ള വ്യക്തിയുടെ കൈയിൽ കടിയേറ്റതായി മെട്രോപൊളിറ്റൻ പോലീസിന്റെ വക്താവ് പറഞ്ഞു. ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് ഉടമ നായയുമായി ഓടി രക്ഷപ്പെട്ടുവെന്ന് അവർ പറഞ്ഞു. ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും വക്താവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ ഇതുവരെയും അറസ്റ്റുകൾ ഒന്നും ഉണ്ടായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

ഈ വിഭാഗത്തിൽ പെട്ട നായ്ക്കളെ പേടിച്ചാണ് ജീവിക്കുന്നത്തെന്ന് വാൾവർത്തിലെ നിവാസികൾ പറഞ്ഞു. ലണ്ടനിൽ അമേരിക്കൻ എക്സ്എൽ ബുള്ളി നായയുടെ ആക്രമണം വർദ്ധിക്കുകയാണ്. യുവാവിനെ കടിച്ചുകൊന്ന അമേരിക്കൻ എക്സ്എൽ ബുള്ളി വിഭാഗത്തിൽപ്പെടുന്ന നായ്ക്കളെ നിരോധിക്കുമെന്ന് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. ഈ നായ്ക്കൾ നമ്മുടെ സമൂഹത്തിന് അപകടമാണെന്നും വർഷാവസാനത്തോടെ ഇവയെ നിരോധിക്കുമെന്നും സുനക് വ്യക്തമാക്കി.

നേരത്തെ, നായയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. 2021ന് ശേഷം ഈ ബ്രീഡിൽ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേർ മരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പിട്ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രാസിലേറിയോ എന്നീ ബ്രീഡുകളിൽപ്പെടുന്ന നായ്ക്കൾക്ക് നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച നായയെ വളർത്തിയാൽ പരിധിയില്ലാത്ത പിഴയും ആറുമാസം വരെ തടവും ലഭിക്കും.
	
		

      
      



              
              
              




            
Leave a Reply