കുണ്ടറ സ്വദേശിനിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുണ്ടറ കുരീപ്പള്ളി തുമ്പുവിള ഹൗസിൽ ആമിന (22) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്. ആമിനയെ ഭർത്താവായ ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരി(34) കൊലപ്പെടുത്തിയതായി കണ്ടെത്തിയതോടെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയായിരുന്നു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണു കൊലപാതകം തെളിയിച്ചത്. തുമ്പുവിള ഹൗസിൽ മുഹമ്മദ് ആഷിഖിന്റെയും പരേതയായ ഫസീല ബീവിയുടെയും മകളാണ് ആമിന. കഴിഞ്ഞ 22നു പുലർച്ചെയായിരുന്നു ആമിനയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത്.
കഠിനമായ ശ്വാസതടസമെന്നു പറഞ്ഞു അബ്ദുൽ ബാരിയും ബന്ധുക്കളും ചേർന്നാണ് ആമിനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു തന്നെ ആമിന മരിച്ചിരുന്നു. ആമിന കടുത്ത ശ്വാസതടസത്തെ തുടർന്ന് നിരവധി ആശുപത്രികളിൽ ചികിത്സ തേയിയിരുന്നു എന്നായിരുന്നു ഭർത്താവിന്റെ മൊഴി.
എന്നാൽ, മകളുടെ മുഖത്ത് കണ്ടെത്തിയ പാടിൽ സംശയം തോന്നിയ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം കബറടക്കി. അസാധാരണ മരണത്തിനു കേസ് റജിസ്റ്റർ ചെയ്ത പോലീസ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണു കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.
ആമിനയ്ക്കു ശ്വാസതടസം അനുഭവപ്പെടാൻ തക്ക അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതുകാരണം ഉണ്ടായ ശ്വാസതടസമാണു മരണകാരണമെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നു സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം അബ്ദുൽ ബാരിയെ ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.
കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ അഭിലാഷിന്റെ മേൽനോട്ടത്തിൽ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആർ ഫയാസിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ സുകേഷ്, അനിൽ ബേസിൽ, ജാക്‌സൺ ജേക്കബ്, എഎസ്‌ഐമാരായ കൃഷ്ണകുമാർ, സുനിൽ, എസ്സിപിഒമാരായ സുമ ഭായി, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply