കോണ്‍ഗ്രസ് ഉയര്‍ത്തിയ കടുത്ത പ്രതിഷേധം മറികടന്ന് എസ്പിജി സുരക്ഷനിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് അപരിചിതര്‍ വാഹനവുമായി എത്തിയ പ്രശ്നം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കടുത്ത എതിര്‍പ്പാണ് എസ്പിജി ഭേദഗതി ബില്ലിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ കേന്ദ്രം ബില്‍ രാജ്യസഭ കടത്തുകയായിരുന്നു. അതേസമയം ബില്ലിലെ ചര്‍ച്ചക്കിടെ കേരളത്തില്‍ ഇടതുപക്ഷം ബിജെപിക്കാരെ വേട്ടയാടുകയാണെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന സഭയില്‍ ബഹളത്തിന് കാരണമായി.

പ്രിയങ്ക ഗാന്ധിയുടെ ദില്ലിയിലെ ലോധി എസ്റ്റേറ്റിലേക്ക് ആറംഗസംഘം കാറിലെത്തുകയും വീടിനകത്ത് പ്രവേശിക്കുകയും ചെയ്ത സംഭവമാണ് പ്രതിപക്ഷപ്രതിഷേധത്തിന് കാരണമായത്. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാഷ്ട്രപതിക്ക് നല്കുന്ന സുരക്ഷയാണ് സോണിയഗാന്ധിയുടെ കുടുംബത്തിന് ഇപ്പോഴുമുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രിയങ്കയുടെ വീട്ടിലുണ്ടായ സുരക്ഷാവീഴ്ച ഉന്നയിച്ചും എസ്പിജി സുരക്ഷഭേദഗതിയെ എതിർത്തും സിപിഎം ഇന്ന് രാജ്യസഭയില്‍ രംഗത്തു വന്നു. സർക്കാരിന്‍റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം അംഗം കെകെ രാഗേഷ് ചോദിച്ചു. സോണിയഗാന്ധിയുടെ കുടുംബത്തിന് എസ്പിജി സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട രാഗേഷ് നെഹ്റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണമെന്നും പറഞ്ഞു.

രാഗേഷിന്‍റെ പ്രസംഗത്തിന് മറുപടി പറഞ്ഞ അഭ്യന്തരമന്ത്രി അമിത് ഷാ ഇടതുപക്ഷത്തിന് രാഷ്ട്രീയപകപോക്കല്‍ ആരോപിക്കാന്‍ അവകാശമില്ലെന്ന് കുറ്റപ്പെടുത്തി. കേരളത്തില്‍ ബിജെപിയുടെ 120 പ്രവര്‍ത്തകരെ വധിച്ചവരാണ് ഇടതുപക്ഷമെന്നും കോൺഗ്രസ് വരുമ്പോഴും സിപിഎം വരുമ്പോഴും കേരളത്തിൽ ബിജെപി പ്രവർത്തകരെ വധിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു. കെകെ രാഗേഷ് എംപി രാജ്യസഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. അമിത് ഷായുടെ വാക്കുകള്‍ സഭാ രേഖയിലുണ്ടാക്കില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.