ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷനായി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരാളികളില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തില്ല. ഇന്നു രാവിലെയാണ് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രിസഭയിലെ ബി.ജെ.പി അംഗങ്ങളും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കളും ഷായ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
ഇത് രണ്ടാം തവണയാണ് അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. മോഡി അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ 2014 ജൂണിലാണ് അമിത്ഷാ ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്. ആഭ്യന്തരമന്ത്രിയായതിനെ തുടര്‍ന്ന് രാജ്‌നാഥ് സിങ് സ്ഥനമൊഴിഞ്ഞതോടെയാണ് തന്റെ വലംകൈയ്യായ അമിത് ഷായെ അന്ന് മോഡി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചത്.

അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞത് അധ്യക്ഷ പദവിയിലേക്ക് വീണ്ടും എത്തുന്നതിനു വഴി തുറന്നു. എന്നാല്‍ ഡല്‍ഹി, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേണ്ട തിരിച്ചടി ചെറുതായിരുന്നില്ല. ഈ വര്‍ഷം കേരളം, അസ്സം ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ പ്രതീക്ഷ ഷായിലാണ്.

പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ വൈകാതെ കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാകുമെന്ന് സൂചനയുണ്ട്.
പ്രസിഡന്റ് പദവിയില്‍ അമിത് ഷായുടെ നിലവിലെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇന്നു മുതല്‍ മൂന്നു വര്‍ഷമാണ് പുതിയ കാലാവധി. 2014 മേയില്‍ രാജ്‌നാഥ് സിംഗ് കേന്ദ്രമന്ത്രിയില്‍ എത്തിയതോടെ ഒഴിവുവന്ന പാര്‍ട്ടി അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തന്‍ കൂടിയായ അമിത് ഷായ്ക്ക് കൈമാറുകയായിരുന്നു. ബി.ജെ.പി അധ്യക്ഷനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയാണ് പതിവ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിഹാര്‍ പരാജയത്തിന് പിന്നാലെ മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ കലാപക്കൊടിയുയര്‍ത്തിയ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അമിത് ഷായുടെ രണ്ടാം സ്ഥാനാരോഹണത്തിന് പങ്കെടുക്കാത്തത് ബിജെപിയ്ക്ക് പുതിയ തലവേദനയാകും. പുതിയ നേതൃത്വത്തിനെതിരെ ഇവര്‍ക്കൊപ്പം യശ്വന്ത് സിന്‍ഹ, ശാന്തകുമാര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുമുണ്ട്. അടിക്കടി തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുന്നതിന്റെ പശ്ചാതലത്തില്‍ പാര്‍ട്ടി നേതൃത്വം പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ലെന്ന് നാല് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കത്ത് പുറത്തിറക്കിയത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന എംപിമാരായ കീര്‍ത്തി ആസാദും ശത്രുഘ്‌നന്‍ സിന്‍ഹയും ബിജെപിയെ വെട്ടിലാക്കിയിരുന്നു.

അമിത് ഷായുടെ നേതൃത്വം കേരളം, ആസാം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 2019ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മോഡി രണ്ടാമൂഴത്തിന് ശ്രമിക്കുമ്പോള്‍ അമിത് ഷാ തന്നെയായിരിക്കും പാര്‍ട്ടിയെ നയിക്കുക.