സോണി ജോസഫ് കല്ലറയ്ക്കല്‍
‘അമ്മ’ എന്ന താരസംഘടനയില്‍ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ ഇന്ന് ലോകമെമ്പാടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന നടന്‍ മോഹന്‍ലാല്‍ പ്രസിഡന്റായ നടീ- നടന്മാരുടെ കേരളത്തിലെ ഏറ്റവും വലിയ സംഘടനയായ ‘അമ്മ’യില്‍ സ്ത്രീപീഡന കേസില്‍ പ്രതിയെന്നു സംശയിക്കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്തത് ഒട്ടും ശരിയല്ലെന്ന് മാത്രമല്ല മോഹന്‍ലാലിന്റേയും കൂട്ടരുടേയും ഈ നടപടി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളികൂടിയാണ്. സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് പറയാതെ തരമില്ല. ഒരിക്കലും നല്ല കലാകാരന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യം.
ഒരുപക്ഷേ, അമ്മ എന്ന സംഘടനയുടെ ജീര്‍ണ്ണതയാണ് ഇത് കാണിക്കുന്നത്. വനിതാ ശാക്തീകരണത്തെ കുറിച്ച് അഭിപ്രായം തേടിയാല്‍ നൂറു നാവാല്‍ പ്രസംഗിക്കുന്ന പഞ്ചനക്ഷത്ര രാജകുമാരന്‍മാര്‍ സ്വന്തം സംഘടനയിലെ വനിതാ അംഗത്തിനു സംഭവിച്ച ജീവിതദുരന്തത്തിനു പേരിനെങ്കിലുമുള്ള (പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനെങ്കിലും) ധാര്‍മികമായ പിന്തുണ നല്‍കുവാന്‍ സാധിക്കുന്നില്ലായെങ്കില്‍ കപട നടനം നടത്തുന്ന എല്ലാ കലാകാരന്‍മാര്‍ക്കും കാലം ചവറ്റുകൊട്ട കരുതി വെച്ചിട്ടുണ്ടെന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. ടിക്കറ്റ് എടുത്തു നിങ്ങള്‍ക്ക് കയ്യടിക്കുന്ന സ്ത്രീ സമൂഹത്തിനു നേരെ ഇങ്ങനെ കാര്‍ക്കിച്ചു തുപ്പാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ധൈര്യം എന്താണ്.? അമ്മ നേതൃത്വത്തിന് മുന്നില്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും നടിമാര്‍ പറയുന്നു. പിന്നെ ഇതെന്തു സംഘടന ആണ്. അംഗങ്ങങ്ങളുടെ സംരക്ഷണം അല്ലെങ്കില്‍ എന്താണ് നിങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്?
മാസാന്തോറും വിലകൂടിയ കാറുകളില്‍ വന്നിറങ്ങി ആഡംബരം കാണിക്കാനും താരോത്സവങ്ങള്‍ നടത്തി സ്വയം പ്രൊമോട്ട് ചെയ്യാനുമല്ലാതെ ഈ സംഘടന കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്. ഈ ലാഭത്തിന്റെ നക്കാപ്പിച്ച പങ്ക് അവശത അനുഭവിക്കുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് എത്തിക്കുന്നു എന്നതുകൊണ്ട് നിങ്ങള്‍ വിമര്‍ശനാതിതര്‍ ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?. വളരെ ആത്മസംയമനത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമായിരുന്നു ഇത്. പ്രത്യേകിച്ചും ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിനെപ്പോലുള്ള ഒരാള്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍. താരപ്രഭുക്കളുടെ മൗനവും നിലപാടുകളും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ശക്തി കണ്ടുകൊണ്ടാണോ?. ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍ നിങ്ങള്‍ക്ക് എങ്ങനെ ഇത്ര നിഷ്‌കളങ്കമായ മൗനം പാലിക്കാനാവുന്നു? ഇനി അമ്മയിലെ മറ്റു പെണ്മക്കളോട്. എല്ലാത്തിനോടും പൊരുത്തപ്പെട്ടു പോകാന്‍ നിങ്ങള്‍ തയ്യാറാണോ? അതോ രാജി വെച്ചവര്‍ പറയുന്നത് കള്ളമാണെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടോ. എങ്കില്‍ അത് പറയാന്‍ നിങ്ങള്‍ക്ക് മടി എന്തിനാണ്?
അവസരങ്ങള്‍ക്ക് വേണ്ടിയുള്ള ആട് ജീവിതമാണ് അമ്മയില്‍ നിങ്ങളുടേതെങ്കില്‍ പരമപുച്ഛം മാത്രം. നടീ നടന്മാരില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്. അവര്‍ വെറും നടീനടന്മാര്‍ മാത്രമാണ് ജീവിതത്തിലും ജോലിയിലും. നമ്മളെ രസിപ്പിക്കാനും സന്തോഷിപ്പിക്കാനും സമയം കളയാനും ഉള്ള മാര്‍ഗം ഉണ്ടാക്കിത്തന്ന് അതില്‍ നിന്നും ബുദ്ധിപൂര്‍വം നല്ലൊരു വരുമാന മാര്‍ഗം കണ്ടെത്തി ജീവിക്കുന്ന ഒരു കൂട്ടം കലാകാരന്മാര്‍. ആ കലാകാരന്മാരെ പലവിധത്തില്‍ സേവിച്ച് നിലനില്‍ക്കുന്ന നട്ടെല്ലില്ലാത്ത കുറെ കിങ്കരന്മാരും മാത്രമാണ് ഇവിടെയുള്ളത്. ഇവരില്‍ ആരാണ് യഥാര്‍ത്ഥ ജീവിതത്തിലെ നായകന്മാര്‍. പഴയ ഒരു സര്‍ക്കസിലെ അല്ലെങ്കില്‍ അമ്പല പറമ്പില്‍ കണ്ട് മറന്ന ഒരു നാടകത്തിലെ കുറച്ച് സമയം നമ്മെ രസംപിടിച്ച കോമാളികള്‍. അത്ര വിലയെ കൊടുക്കാവൂ. അതില്‍ കൂടുതല്‍ എന്ത് വിലയ്ക്കാണ് അവര്‍ക്ക് അര്‍ഹത? അവരുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും.? ഇതൊക്കെ കാണുമ്പോള്‍ നമ്മള്‍ക്ക് ഇങ്ങനെ തോന്നിപോവുക സ്വഭാവികം. നമുക്കു ചുറ്റുമുള്ള ഓരോ ജീവിതത്തിലുമുണ്ട് നായകന്മാര്‍. അവനവന്റെ ജീവിതംകൊണ്ട് നായകര്‍ ആയവര്‍. മാതൃകയാക്കേണ്ടവര്‍ അവരല്ലെ. ഓരോ പ്രൊഫഷനിലും ഉണ്ട് നമ്മുടെ യഥാര്‍ത്ഥ ഹീറോകള്‍. ഡ്രൈവര്‍ ആയാലും, മീന്‍കാരനായാലും, ഡോക്ടര്‍ ആയാലും, കൃഷിക്കാരന്‍ ആയാലും. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന യഥാര്‍ഥ ജീവിതത്തിലെ ഹീറോസ്. പലപ്പോഴും സിനിമയില്‍ അനീതിക്കെതിരെ പടപൊരുതി വിജയം നേടിയെത്തുന്ന നായകനെ മനസില്‍ പ്രതിഷ്ഠിച്ച് ദൈവത്തെപ്പോലെ കാണുന്ന ഒരു സമൂഹമാണ് നമ്മുടെ ഈ നാടിന്റെ ശാപം. ഓരോ സിനിമയും കണ്ടിറങ്ങുമ്പോഴും അത് വെറും സിനിമയാണെന്നും അതിലെ അഭിനേതാക്കള്‍ വെറും കലാകാരന്മാര്‍ മാത്രമാണെന്നും ചിന്തിക്കാന്‍ കഴിഞ്ഞാല്‍ നാട് രക്ഷപെടും. ഈ വിവാദങ്ങള്‍ അതാണ് നമുക്ക് കാണിച്ചു തരുന്നത്. ദിലീപ് ‘ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന ‘ ഹൈക്കോടതി വിധി നിലവില്‍ ഉണ്ട്. അങ്ങനെയുള്ള ഒരാളെ സംരക്ഷിച്ച് നിര്‍ത്തുകയെന്നുള്ളത് ‘രാജ്യം ബഹുമാനപൂര്‍വ്വം ആദരിച്ച് നല്കിയിരിക്കുന്ന ‘ ലഫ്റ്റനന്റ് കേണല്‍ പദവിക്ക് ‘ തീരാക്കളങ്കമാണ്, ഇത് ഈ ധീര പദവിയോടും ,രാജ്യത്തോടുമുള്ള അനാദരവ് ആണ്. പ്രതി കുറ്റവിമുക്തനായി തിരിച്ച് വരട്ടെ. അതിന് മുന്‍പ് അദേഹത്തെ പീഡനത്തിന് വിധേയായ നടി കൂടി ഉള്‍പ്പെട്ട സംഘടനയില്‍ തിരിച്ചെടുക്കണമായിരുന്നോ എന്ന് സിനിമയെ സ്‌നേഹിക്കുന്ന ഇവിടുത്തെ ഓരോ പൌരനും ചിന്തിച്ചാല്‍ അതിനെ എങ്ങനെ തെറ്റുപറയാനാകും.
നിലവില്‍ രാജ്യത്തെ നിയമം പണക്കാരനും – പാമരനും ഒരേ പോലെ ബാധകമാണ്. അങ്ങനെ ആയിരിക്കുകയും വേണം. ഈ വിഷയം ഇത്ര വഷളായ സ്ഥിതിക്ക് മോഹന്‍ലാല്‍ കേണല്‍ പദവി തിരിച്ചേല്‍പ്പിച്ച് അതിന്റെ മാന്യതയും പവിത്രതയും കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍’അമ്മ’ പിരിച്ചു വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയാനെങ്കിലും തയാറാകേണ്ടിയിരിക്കുന്നു. എന്തായാലും അതൊന്നുമുണ്ടാകില്ലെന്ന് അറിയാം. എന്നാലും സമൂഹത്തോട് പ്രതിബദ്ധതയുള്ള പൗരന്‍ എന്നുള്ള നിലയില്‍ വെറുതെ ആശിച്ച് പോകുകയാണ്. ഇത്രയും ചെയ്താല്‍ മോഹന്‍ലാല്‍ എന്ന നടന്റെ മഹത്വം മലയാളികളുടെ മനസില്‍ ഇരട്ടി വര്‍ദ്ധിക്കുമെന്നത് തീര്‍ച്ച.
എന്തായാലും ഒരു കാര്യം അംഗീകരിക്കണം. അമ്മ എന്ന സംഘടന ഈ കുടുംബത്തിലെ തന്നെ പീഡനത്തിന് വിധേയയായ നടിയോട് കാണിച്ച ധിക്കാരത്തിനെതിരെ 4 നടിമാര്‍ ചങ്കുറ്റത്തോടെ നെഞ്ചും വിരിച്ച് പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ കേരളം മുഴുവന്‍ അതേറ്റെടുക്കുകയായിരുന്നു. അതോടെ രാജ്യവും ശക്തിയും മഹത്വവുമെല്ലാം തങ്ങളാണെന്ന് ധരിച്ചിരുന്ന ഇവിടുത്തെ സൂപ്പര്‍സ്റ്റാറുകള്‍ക്കും വിവാദ നായകനുമെല്ലാം നോക്കുകുത്തികളായി നില്‍ക്കേണ്ടി വന്നു. അതാണ് പെണ്‍കരുത്ത്. ഒരു പെണ്‍ ഒരുമ്പിട്ടിറങ്ങിയാല്‍ എന്തും നടക്കുമെന്ന് തെളിഞ്ഞില്ലെ.!
ഇന്ത്യയുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, ഗവര്‍ണര്‍, സ്പീക്കര്‍ തുടങ്ങി വലിയ പദവികളില്‍ വരെ എത്തപ്പെട്ടവരാണ് ഇന്ത്യന്‍ സ്ത്രീകളെന്ന് ഓര്‍ക്കുക. കഴിവുള്ള സ്ത്രീകള്‍ ഉള്‍വലിയുന്നതാണ് ഇവിടുത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. പ്രതിഷേധത്തിന് ധൈര്യമായി തുടക്കമിട്ട 4 നടിമാരെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ഇന്ന് നന്നായി പോകുന്ന (സിനിമയിലായാലും പൊതുസമൂഹത്തിലായാലും) കുടുംബജീവിതങ്ങള്‍ തകര്‍ക്കുന്ന ‘വെള്ളയടിച്ച കുഴിമാടങ്ങള്‍’ ക്കെതിരെയുള്ള ഒരു ഉഗ്രന്‍ താക്കിത് കൂടിയാണ് ഈ നടിമാരുടെ പ്രതിഷേധം. ഈ പ്രതിഷേധത്തില്‍ സിനിമ മേഖലയില്‍ മാറ്റത്തിന്റെ അലയൊലികള്‍ കൂടുതല്‍ മുഴങ്ങുമെന്ന് പ്രത്യാശിക്കാം. സ്ത്രീകള്‍ പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചാല്‍ സ്ത്രീപീഡകരെ നിലയ്ക്ക് നിര്‍ത്താമെന്നതിന് തെളിവുകൂടിയാണ് ഈ നടപടി.
അനീതിക്കെതിരെ ദുര്‍ബലചേരിക്ക് വേണ്ടി തിരശീലക്കു മുന്‍പില്‍ ആര്‍ജവമുള്ള നിലപാട് സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നത് ആരെല്ലാമാണെന്നറിയാന്‍ പൊതുസമൂഹം ഇനിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ മേഖലയില്‍ കൂടുതല്‍ ശുദ്ധികലശം ഉണ്ടാകുമെന്ന് കരുതാം. അതിന് നല്ലൊരു നടക്കമാവട്ടെ ഈ നടിമാര്‍ തൊടുത്തുവിട്ട പ്രതിഷേധം. ഇത് മറ്റ് സ്ത്രീകള്‍ക്കും കരുത്തുപകരട്ടെ! വിജയാശംസകള്‍.
Leave a Reply