ഞാനിപ്പോള്‍ എവിടെയാണെന്ന് എനിക്കറിയില്ല…
എനിക്ക് ചുറ്റും വെളളം നിറഞ്ഞിരിക്കുന്നു അതില്‍ ഞാന്‍ നീന്തുകയാണ് കണ്ണുകള്‍ തുറക്കാന്‍ സാധിക്കുന്നില്ല. പക്ഷെ കണ്ണുകള്‍ തുറക്കണമെന്ന് തോന്നുന്നു. എന്‍റെ വയറ്റില്‍ ഒരു കയറു കെട്ടിയത് പോലെ ഞാനതില്‍ തൂങ്ങിയാടുകയാണ്.

ഇവിടം മുഴുവനും മൂകതയാണ് ഒരു ശബ്ദവും കേള്‍ക്കാനില്ല ഒരുപാട് നാളായി ഒരേ ഒരു ശബ്ദമേ കേള്‍ക്കാന്‍ സാധിക്കുന്നുള്ളൂ ഒരു ഹൃദയത്തിന്റ മിടിപ്പ്.
എന്നെ ആരോ തൊടുന്നത് പോലെ എന്നോട് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്.
ആ സ്പര്‍ശനവും സംസാരവും എനിക്ക് ഒത്തിരി സുഖവും സന്തോഷവും തോന്നുന്നതായിരുന്നു.
അതിനു മറുപടി പറയാന്‍ ശ്രമിക്കാറുണ്ട് ഞാന്‍, എന്റെ കയ്യും കാലും അനക്കി.

പിന്നെ എനിക്ക് വേറെ ഒരു സ്വരവും കേള്‍ക്കാം, വല്ലപ്പോഴും പക്ഷെ അത് കുറച്ചു കൂടി ഗൗരവം ഉളള ശബ്ദമായിരുന്നു.
എത്ര ശബ്ദ ശകലങ്ങള്‍ എനിക്ക് കേട്ടാലും എപ്പോഴും മാറാതെ ഒരു മാറ്റവുമില്ലാതിരുന്നത് ആ ഹൃദയമിടിപ്പിനായിരുന്നു.

തീര്‍ച്ചയായും ഒരു ദിവസം ആ ഹൃദയമിടിപ്പ് എവിടെ നിന്നു വരുന്നുവെന്ന് എനിക്ക് കാണണം.
എന്താണെന്നറിയില്ല രണ്ട് മൂന്ന് ദിവസമായി തോനുന്നു ഇവിടെ നിന്നും പുറത്തേക്കു പോകാന്‍.
കയ്യും കാലും ഇളക്കി നോക്കി ഒരുപാടു ശ്രമിച്ചിട്ടും പറ്റുന്നില്ല. അവസാനം ഒരു ദിവസം ഞാനിരുന്ന സ്ഥാനം മാറിതുടങ്ങി. ഞാന്‍ അവിടെ നിന്നും പതുക്കെ നീന്തി തുടങ്ങി. ഞാന്‍ തലകീഴായി കിടക്കാന്‍ തുടങ്ങി.
ആ ഹൃദയമിടിപ്പിന്‍റെ താളം കുറേശ്ശെ ഇല്ലാതായി തുടങ്ങിയിരിക്കുന്നു.

എന്‍റെ ലോകത്തു നിന്നും വേറെ എവിടെക്കോപോവുകയണെന്ന്‍ എനിക്ക് ഭയം തോന്നി തുടങ്ങി.
എനിക്ക് സന്തോഷം തന്ന ആ സ്വരം ഇപ്പോള്‍ വേദനയില്‍ നിലവിളിക്കുന്നു. എന്തോ ഒരു സങ്കടം തോന്നി. എല്ലാം ഞാന്‍ കാരണമാണ്. ഞാന്‍ കയ്യും കാലും കൊണ്ട് ചവിട്ടുകയും അനക്കുകയും ചെയ്തത് കൊണ്ടാവും. പെട്ടെന്ന് ഞാന്‍ നീന്തി കൊണ്ടിരുന്ന വെളളം നിറഞ്ഞ കുടത്തില്‍ ഓട്ടകള്‍ വീണു. വെളളത്തിന്‍റെ കൂടെ ഞാനും എങ്ങോട്ടോ ഒലിച്ചു പോകുന്നു.

ഇടയില്‍ എവിടെയോ തടഞ്ഞു നില്‍ക്കുന്നു. ആരോ എന്‍റെ തലയില്‍ പിടിച്ചു വലിക്കുന്നു. അതേ സമയത്ത് ആ സ്വരവും ജീവന്‍ പോകുന്നത് പോലെ നിലവിളിക്കുന്നു. എനിക്കും വേദനിക്കുന്നു. ഒരു വിധത്തില്‍ വെളിയില്‍ വന്നു വീണു. എനിക്കും ആ ലോകത്തിനും ഉണ്ടായിരുന്ന അവസാന ബന്ധത്തിന്‍റെ വള്ളിയും അറുത്തു കളയുന്നു. ഇത്രയും നാള്‍ കേട്ടുകൊണ്ടിരുന്ന ഹൃദയതിന്റ താളവും കേള്‍ക്കാനില്ല .നിലവിളിച്ചു കൊണ്ടിരുന്ന ആ ശബ്ദവും ഇപ്പോള്‍ കേള്‍ക്കാനില്ല.

ആ ശബ്ദവും കേള്‍ക്കാതായപ്പോള്‍ അതെനിക്ക് സഹിക്കാന്‍ വയ്യാതായി. ആദ്യമായിട്ട് ഞാന്‍ വായ്തുറന്നു. ഉറക്കെ കരഞ്ഞു. എന്‍റെ ചുറ്റിലുമുളളവര്‍ ചിരിക്കുന്നു. അപ്പോഴെനിക്ക് തോന്നി ഇത് ഒരു നാണം കെട്ട ലോകമാണെന്ന്‍. തണുത്ത വെളളത്തില്‍ എന്നെ കുളിപ്പിക്കുന്നു. അപ്പോഴും ഞാന്‍ കരയുന്നു.
ഒരു തുണിയില്‍ ചുറ്റി എല്ലാവരെയും കൊണ്ടുപോയി കാണിക്കുന്നു. എന്‍റെ വയറിനു താഴെ എന്തോ നോക്കി എല്ലാരും ചിരിക്കുന്നു. എന്നാലും ഞാന്‍ കരയുന്നു. ആ ഹൃദയത്തിന്‍റെ മിടിപ്പും പതുക്കെയുളള സ്വരവും ഇപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ല.

എന്നെ കൊണ്ടുപോയി ആരുടെയോ അടുത്ത് കിടത്തി. അപ്പോഴേക്കും എന്‍റെ കരച്ചില്‍ നിലച്ചിരുന്നു. കാരണം ഇപ്പോള്‍ എനിക്ക് കേള്‍ക്കാമായിരുന്നു ആ മാധുര്യമേറിയ സ്വരം. കൈകള്‍ കൊണ്ടെന്നെ മെല്ലെ തഴുകാന്‍ തുടങ്ങി. അതെ എന്‍റെ ലോകത്തിരുന്നു ഞാനറിഞ്ഞ അതേ സ്പര്‍ശം. ഇതാരാണെന്ന് എനിക്കറിയണം. പക്ഷെ കയ്യും കാലും മാത്രമേ ചലിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. എങ്ങനെയും എനിക്കാ മുഖം കാണണമെന്നു ആശിച്ച സമയത്ത് രണ്ടു കൈകള്‍ എന്നെ വാരിയെടുക്കുന്നു. തന്‍റെ മുഖത്തിനു നേരായി കൊണ്ടുവന്നു.
മരണത്തിനടുത്തുവരെ പോയി വന്ന വേദനക്കു നടുവിലും സന്തോഷം നിറഞ്ഞ പുഞ്ചിരി ആ മുഖം നിറയെ. എനിക്ക് മനസ്സിലായി ഇതാണെന്‍റെ അമ്മ.

എന്നാലും എന്തിനോ വേണ്ടി ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ കരയുമ്പോള്‍ എന്റ അമ്മ
ചിരിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് ദേഷ്യം വന്നു തുടങ്ങി പക്ഷെ എനിക്കപ്പോള്‍ അറിയില്ലായിരുന്നു.
എന്‍റെ മുഴുവന്‍ ജീവിതത്തിലും ഞാന്‍ കരയുന്നത് കണ്ട് എന്‍റെ അമ്മ ചിരിക്കുന്ന ഒരൊറ്റ ദിവസമേ ഉള്ളൂ അതിതാണെന്ന്.

പിന്നീട് ഈ അമ്മയുടെ മടിയിലിരുന്നാണ് ഞാന്‍ ലോകം കണ്ടത്… അമ്മയുടെ കൈ പിടിച്ചാണ് നടക്കാന്‍ പഠിച്ചത്… അമ്മയിലൂടെയാണ് സംസാരിക്കാന്‍ പഠിച്ചത്… അമ്മയില്‍ നിന്നാണ് ഉണ്ണാനും ഉടുക്കാനും പഠിച്ചത്… അമ്മയില്‍ നിന്നാണ് തെറ്റും ശരിയും പഠിച്ചത്…  എന്നിട്ടും പറയുന്നു ഈ അമ്മക്കൊന്നുമറിയില്ലെന്ന്‍…

അത് കേട്ട് അമ്മ പതിഞ്ഞ സ്വരത്തില്‍ മറുപടി പറയുന്നത് ഇങ്ങിനെയാണ്. എനിക്കൊന്നുമറിയില്ല കുട്ടികളെ… എനിക്ക് നിങ്ങളുടെ അത്ര പഠിപ്പും വിവരവുമില്ല… കഴിയുമോ കൂട്ടുകാരെ ഇന്ന് തന്നെ അമ്മയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാന്‍… ഒരു പിടി ചോറ് വാരി ആ വായില്‍ വെച്ചുകൊടുക്കാന്‍… എങ്കില്‍ നിങ്ങള്‍ക്ക് ആ കണ്ണുകളില്‍ ദൈവത്തെ കാണാം…

കടപ്പാട് – ഫേസ്ബുക്ക് പോസ്റ്റ്‌