യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ ബെംഗളൂരുവിലെ ഓഫീസിൽ സിബിഐ പരിശോധന. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സി‌ആർ‌എ) ലംഘിച്ച് വിദേശ ഫണ്ട് ശേഖരിച്ചെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ട്. എഫ്‌സി‌ആർ‌എ നിയമ ലംഘനം ആരോപിച്ച് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ.

മനുഷ്യാവകാശ സംഘടനയുടെ ബെംഗളൂരു ഓഫീസിൽ കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചിട്ടും എഫ്‌സി‌ആർ‌എ നിയമം മറികടന്ന് ഫണ്ട് ശേഖരണം നടത്തിയെന്ന് ആരോപിച്ച് തന്നെയായിരുന്നു നടപടി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഒരു ഫ്‌ലോട്ടിംഗ് വാണിജ്യ സ്ഥാപനം ആരംഭിച്ചതായും ഇതിലൂടെ 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ആരോപിച്ചിരുന്നു.

ഇതിന് പുറമെ, 51.72 കോടി രൂപ ഉൾപ്പെടുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് സിബിഐ പരിശോധന.

അതേസമയം, ഇന്ത്യൻ, അന്തർദേശീയ നിയമത്തിന് അനുസൃതമായാണ് സംഘടന പ്രവർത്തിക്കുന്നതെന്നായിരുന്നു വാർത്തയോട് ആംനസ്റ്റിയുടെ പ്രതികരണം.

മനുഷ്യാവകാശങ്ങൾക്കായി ഉയർത്തിപ്പിടിക്കുകയെന്നതാണ് ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ബഹുസ്വരത, സഹിഷ്ണുത എന്നിവയിലൂന്നിയാണ് തങ്ങൾ പ്രവര്‍ത്തിക്കുന്നതെന്നും ആംനസ്റ്റി പ്രതികരിച്ചു.

അന്താരാഷ്ട്ര മനുഷ്യാവകാശ വിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന അന്താരാഷ്ട്ര സർക്കാരേതര സംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ. ലോകമെമ്പാടും ഏഴ് ദശലക്ഷത്തിലധികം അംഗങ്ങളും പിന്തുണക്കാരും സംഘടവയ്ക്കുണ്ടെന്നാണ് അവകാശവാദം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ, സ്വന്തം വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം, രാഷ്ട്രീയത്തടവുകാർക്ക് നീതിപൂർവ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കൽ, വധശിക്ഷ, ലോക്കപ്പു മർദ്ദനങ്ങൾ പോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങൾക്കും കാണാതാവലുകളും അവസാനിപ്പിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.