കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലുമാണ് കനത്ത നാശനഷ്ടമുണ്ടായത്. ചുരുങ്ങിയത് 12 മരണങ്ങളെങ്കിലുമുണ്ടായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. നോര്ത്ത് 24 പര്‍ഗനാസ്, ഷാലിമാര്‍, ഹൗറ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും താറുമാറായി. 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളില്‍ ഉംപുണ്‍ വീശിയത്. ഒഡിഷയില്‍ 155-165 കിമീ വേഗതയിലാണ് കാറ്റ് വീശിയത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മമത ബാനര്‍ജി അറിയിച്ചു.
ഉംപുണ്‍ കോവിഡിനേക്കാള്‍ വലിയ പ്രഹരം ബംഗാളിന് ഏല്‍പിച്ചെന്ന് മമത പറഞ്ഞു. ബംഗാളില്‍ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം. കേന്ദ്രത്തിന്റെ അടിയന്തിര സഹായം വേണം എന്നും മമത ആവശ്യപ്പെട്ടു.രാഷ്ട്രീയം നോക്കാതെ മാനുഷിക പരിഗണന മുന്‍ നിര്‍ത്തിയുള്ള സഹായം വേണമെന്നും കേന്ദ്രത്തോട് മമത ആവശ്യപ്പെട്ടു.
ബംഗാളില്‍ 5 ലക്ഷം പേരെയും ഒഡിഷയില്‍ 1.58 ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചത്. അതേസമയം ഒഡിഷയില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്.
Leave a Reply