ലണ്ടന്‍: പാസ്‌പോര്‍ട്ട് രഹിത യാത്രാമേഖലയുടെ ഭാവിയില്‍ ആശങ്ക. അഭയാര്‍ത്ഥി പ്രശ്‌നം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഷെങ്കന്‍ കരാര്‍ രണ്ട് കൊല്ലത്തേക്ക് വേണ്ടെന്ന് വയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുളള കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രണാതീതമായിരിക്കുന്നതിനാല്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ മെയ് മാസം മുതല്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്താന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമില്‍ നടന്ന യോഗത്തില്‍ ഡച്ച് കുടിയേറ്റമന്ത്രി ക്ലാസ് ദൈഹോഫ് ആവശ്യപ്പെട്ടു.
ഡബ്ലിന്‍ കരാര്‍ പ്രകാരം അഭയാര്‍ത്ഥികള്‍ ആദ്യമെത്തുന്ന രാജ്യത്ത് അഭയം തേടുന്ന കാര്യവും പരിഗണിക്കണമെന്ന് ചില മന്ത്രിമാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിലൂടെ ഗ്രീസിലും മറ്റും കൂടുതല്‍ അഭയാര്‍ത്ഥികള്‍ തമ്പടിക്കും. ഇതിനകം തന്നെ 40,000 അഭയാര്‍ത്ഥികള്‍ തുര്‍ക്കിയില്‍ നിന്ന് കടല്‍ മാര്‍ഗം ഇവിടെയെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് ഇത്. അതിര്‍ത്തി അടയ്ക്കുന്നത് കൊണ്ട് അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാനാകില്ലെന്നാണ് ഗ്രീക്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ ജര്‍മനി പോലുളള വടക്കന്‍ സര്‍ക്കാരുകളുടെ മേല്‍ അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയുമാണ്.
അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനായി അംഗരാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റ കമ്മീഷണര്‍ ദിമിത്രിസ് അവ്‌റാമോപൗലോസ് അഭിപ്രായപ്പെടുന്നത്. അല്ലെങ്കില്‍ മുപ്പത് കൊല്ലം പഴക്കമുള്ള ഷെങ്കന്‍ മേഖലയെ രക്ഷിക്കാനുളള സമയം കടന്നുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ദൈഹോഫിന്റെ അഭിപ്രായത്തില്‍ സമയം നഷ്ടപ്പെട്ട് കഴിഞ്ഞു.
പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഷെങ്കന്‍ നിയമം പ്രതിസന്ധിയിലാകുമെന്ന് ഒരു കൊല്ലം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. ആറ് മാസം വരെ നിയന്ത്രണം ഏര്‍പ്പെടുത്താനുളള അധികാരം ഇപ്പോള്‍ യൂറോപ്യന്‍ കമ്മീഷന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. 2018 വരെ ഇത്തരത്തില്‍ മൂന്ന് തവണയിലേറെ നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.