ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- മേഴ്സിസൈഡിലെ സൗത്ത് പോർട്ടിൽ മാതാപിതാക്കളോടൊപ്പം പാർക്കിൽ സോർബ് ബോളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളിയായ 9 വയസ്സുകാരൻ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ ബോളോടൊപ്പം തന്നെ ആകാശത്തേക്ക് പറന്നു പോയി താഴേക്ക് വീണ് അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച മാതാപിതാക്കളോടൊപ്പം സൗത്ത് പോർട്ടിലെ ഫുഡ് & ഡ്രിങ്ക് ഫെസ്റ്റിവലിലെ പൂളിൽ സോർബ് ബോളിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ചത്.
പെട്ടെന്നുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ബോളോടൊപ്പം തന്നെ കുട്ടി പറന്നു പോവുകയും പിന്നീട് താഴേക്ക് ശക്തമായി പതിക്കുകയും ചെയ്യുകയായിരുന്നു. ഇതേ ദിവസം തന്നെ അടുത്തൊരു പാർക്കിലും ഇത്തരത്തിൽ ശക്തമായ കാറ്റ് അടിച്ചു ചെറിയ രീതിയിൽ അപകടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിക്കുകയും കുട്ടിക്ക് ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും കുട്ടി അപകടനില തരണം ചെയ്തതായാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടി ഗുരുതരമായ അവസ്ഥയിലാണെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് അധികൃതരും വ്യക്തമാക്കി.
കുട്ടി ഉണ്ടായിരുന്ന ബോൾ മരങ്ങൾക്ക് മുകളിൽ കൂടി ആകാശത്തേക്ക് ഉയരുന്നത് കണ്ട് ജീവനക്കാരും മറ്റുള്ളവരും രക്ഷിക്കാനായി ഓടിയെത്തി.കുറെ ഉയരത്തിൽ പറന്ന ശേഷം താഴേക്ക് വീണ് ബോൾ പൊട്ടിപ്പോവുകയും, കുട്ടി നിലത്ത് പതിക്കുകയും ആയിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത് . അപകടത്തിൻെറ കാരണങ്ങളെ കുറിച്ച് വ്യക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഇതേസമയം തന്നെ മറ്റൊരു ബോളും ചെറുതായിട്ട് ഉയർന്നെങ്കിലും അതിലുണ്ടായിരുന്ന കുട്ടിക്ക് യാതൊരുവിധ അപകടങ്ങളും സംഭവിച്ചില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഈ ആക്സിഡന്റിനെ സംബന്ധിച്ച് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Leave a Reply