ഷിബു മാത്യൂ
മറ്റ് നാട്യ കലാ രൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മോഹിനിയാട്ടം കേരളത്തിന്റെ സ്വന്തം ക്ലാസിക്കൽ നൃത്തരൂപമാണ്. ആതുര ശുശ്രൂഷ മേഖലയിലെ നീണ്ട പഠനകാലവും അതിനുശേഷം യുകെയിലെത്തി എൻഎച്ച് എസിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന തിരക്കുകൾക്കിടയിലും ദൈവം തനിക്ക് തന്ന കഴിവുകളുടെ താലന്തുകളെ പൊടി തട്ടിയെടുത്ത് ആത്മ പ്രകാശനം ചെയ്യുന്ന ഒരു യുകെ മലയാളിയെയാണ് ഇന്ന് വിജയദശമി ദിനത്തിൽ മലയാളം യുകെ ന്യൂസ് പ്രിയ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. യുകെയിലെ യോർക്കിൽ സൈക്കാട്രിസ്റ്റായി ജോലി നോക്കുന്ന ഡോ. മിറിയം ഐസക്ക് (ദീപ ) ഈ വർഷം ആഗസ്റ്റ് മാസം തൻെറ മാതൃ വിദ്യാലയമായ സെൻറ് തെരേസാസ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അത് സമാനതകളില്ലാത്ത സ്വപ്ന സാക്ഷാത്കാരമായിരുന്നു. മധ്യവയസ്സിനോട് അടുപ്പിച്ച് തൻെറ ജീവിത സാഫല്യത്തെ തിരിച്ചറിഞ്ഞ് കലയുടെ ശ്രീകോവിലിൽ സ്വയം ഉപാസിക്കാൻ അവസരം കിട്ടിയ ഒരു കലാകാരിയുടെ ആത്മ സംതൃപ്തിയോടെയാണ് ഡോ. ദീപ മലയാളം യുകെയോട് സംസാരിച്ചത്.

മഹാവിഷ്ണുവിൻെറ അവതാരമായ മോഹിനിയുടെ നൃത്തമാണ് മോഹിനിയാട്ടമായി വിവക്ഷിക്കുന്നത്. സൂക്ഷ്മമായ മുഖ ഭാവങ്ങളും ചലനങ്ങളും ഈ നൃത്തരൂപത്തിൻെറ പ്രത്യേകതയാണ് . നൃത്തം അവതരിപ്പിക്കുമ്പോൾ കലാസ്വാദകരുടെ മനസ്സിനുണ്ടാകുന്ന അനുവാചക നിർവൃതിയും ആതുരശുശ്രൂഷ രംഗത്ത് മാനസികാരോഗ്യത്തിന്റെ സ്നേഹ കരസ്പർശം പകർന്നു നൽകുമ്പോഴും കിട്ടുന്ന ആത്മസംതൃപ്തിയുടെയും സാരാംശം ഒന്നാണെന്ന മഹത്തായ ആശയമാണ് ഡോ. ദീപ പങ്കു വെയ്ക്കുന്നത്.

സ്കൂൾ പഠനകാലത്ത് 5 വർഷത്തോളം കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട് ഡോ. ദീപ . എന്നിരുന്നാലും പ്രസംഗ കലയിലൂടെയാണ് തൻെറ സാന്നിധ്യം സ്റ്റേജിൽ ആദ്യം അറിയിച്ചത് . പിന്നീട് മെഡിക്കൽ കോളേജിലെ പഠനകാലത്ത് വെസ്റ്റേൺ മ്യൂസിക്കലും ഗിറ്റാറിലും സംസ്ഥാനതല ഇൻറർ മെഡിക്കൽ യൂത്ത് ഫെസ്റ്റിവലിൽ കോട്ടയം മെഡിക്കൽ കോളേജിനെ പ്രതിനിധീകരിക്കുകയും ചെയ്തു. പക്ഷേ ആ കാലഘട്ടത്തിലൊന്നും ശാസ്ത്രീയ നൃത്തത്തിന്റെ നാൾവഴികളിൽ തൻെറ ജന്മസാഫല്യം പൂർത്തീകരിക്കാൻ തനിക്കാകുമെന്ന് ഡോ. ദീപ കരുതിയിരുന്നില്ല.
പ്രവാസത്തിൻെറ ഏറ്റവും വലിയ നന്മ നമ്മുടെ വേരുകളിലേയ്ക്ക് ഗൃഹാതുരത്വത്തോടുള്ള തിരിഞ്ഞുനോട്ടമാണെന്ന് ഡോ. ദീപ പറഞ്ഞു. അങ്ങനെ അനുഗ്രഹീത കലാകാരിയും നാട്യാചാര്യ കലാക്ഷേത്ര ശ്രീമതി വിലാസിനി ടീച്ചറിന്റെ മകളും നൃത്താധ്യാപികയുമായ ശ്രീമതി സുനിതാ സതീഷിൻെറ ശിക്ഷണത്തിൽ ഒരു വർഷത്തോളം ഓൺലൈൻ ആയും നേരിട്ടും തീവ്രമായ പരിശീലനം നടത്തിയതിൻെറ സാക്ഷാത്കാരമായിരുന്നു സെൻറ് തെരേസാസ് കോളേജിൽ മോഹിനിയാട്ടത്തിൽ നടത്തിയ അരങ്ങേറ്റം. ത്യാഗരാജൻ, സ്വാതിതിരുനാൾ, മൈസൂർ വാസുദേവാചാര്യർ, മധുരൈ കൃഷ്ണൻ എന്നീ പ്രഗത്ഭരുടെ കൃതികളാണ് തൻെറ അരങ്ങേറ്റത്തിൽ ഡോ . ദീപ അവതരിപ്പിച്ചത് . ശിവരഞ്ജിനി രാഗത്തിലും ഖണ്ഡ ചാപ്പ് താളത്തിലും രചിക്കപ്പെട്ട തില്ലാന ഗുരുവായ ശ്രീമതി സുനിത സതീഷിൻെറ വിദഗ്ധമായ ചിട്ടപ്പെടുത്തൽ അനുസരിച്ച് മനോഹരമായി അവതരിപ്പിച്ചതിന് മുക്തകണ്ഠം പ്രശംസിയാണ് അനുവാചകർ ഡോ. ദീപയ്ക്ക് നൽകിയത്. പിന്നണിയിലും ഒട്ടേറെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം ഡോക്ടർ ദീപയുടെ അരങ്ങേറ്റ മത്സരത്തെ അവസ്മരണീയമാക്കി. സൗപർണ ശ്രീകുമാർ അരങ്ങേറ്റയിനങ്ങൾ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയപ്പോൾ നട്ടുഹംഗം നിർവഹിച്ച ഗുരു ശ്രീമതി സുനിതാ സതീശിനൊപ്പം സംഗീതവിദുഷി ഷാനി ഹരികൃഷ്ണൻ, മൃദംഗ വിദഗ്ധൻ ഹരികൃഷ്ണൻ, വീണ വാദകൻ ബിജു, ഇടയ്ക്ക വിദഗ്ദൻ തൃപ്പൂണിത്തറ ഹരി എന്നിവരും ചമയ കലാകാരൻ ഇടക്കൊച്ചി മുകുന്ദനും പിന്നണിയിൽ അണിനിരന്നു.

വൈകിയാണെങ്കിലും ഒരു കലാകാരിക്ക് ലഭിച്ച സ്വപ്നതുല്യമായ അരങ്ങേറ്റമാണ് ഡോ. ദീപയ്ക്ക് സെൻറ് തെരേസാസ് കോളേജിൽ ലഭിച്ചത്. താൻ പഠിച്ച തൻെറ അമ്മ ദീർഘകാലം ജോലി ചെയ്ത സെൻറ് തെരേസാസ് കോളേജ് ശരിക്കും ഡോ. ദീപയ്ക്ക് മാതൃ വിദ്യാലയം തന്നെയാണ്. തൃശ്ശൂർ എൻജിനീയറിംഗ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫ ഐസക് മേനോത്തുമാലിലും സെൻറ് തെരേസാസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻെറ വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ ഡെയ്‌സി ഐസക്കും ആണ് ഡോ. ദീപയുടെ മാതാപിതാക്കൾ.

ഡോ. ദീപയുടെ ഭർത്താവ് ഡോ. തോമസ് ഏലിയാസ് ന്യൂറോ സൈക്യാട്രിയിലും എഡിഎച്ച്ഡിയിലും സ്പെഷ്യലൈസ് ചെയ്യുന്ന ഒരു സീനിയർ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റാണ്. സംഗീതത്തെയും നൃത്തത്തെയും വളരെ ഇഷ്ടപ്പെടുന്ന ഡോ. തോമസ് ഒരു കഴിവ് തെളിയിച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. ഏക മകൻ കണ്ണൻ എന്ന് ഓമനപേരിട്ട് വിളിക്കുന്ന മൈക്കിൾ ഇയർ 10 ആണ് പഠിക്കുന്നത്. ചെറുപ്രായത്തിലെ സ്കൂൾ നാടകവേദികളിൽ കണ്ണൻ തൻെറ വരവ് അറിയിച്ചു കഴിഞ്ഞു.
നൃത്തോപാസനകളുടെ ആഗ്രഹ പൂർത്തീകരണത്തിൻെറ സന്തോഷം ഈശ്വര പാദങ്ങളിലും ഗുരു സമക്ഷവുമാണ് ഡോ. ദീപ നന്ദിയായി അർപ്പിക്കുന്നത്. ഡോ. ദീപയുടെ ഗുരു സുനിതാ സതീഷിന്റെ ശിക്ഷണത്തിൽ പരിശീലനം തേടി മഹത്തായ പാരമ്പര്യമുള്ള ശിഷ്യ പരമ്പരയിൽ സ്ഥാനം പിടിച്ചത് ദൈവകടാക്ഷമായാണ് ഡോ. ദീപ കരുതുന്നത്. വിലാസിനി ടീച്ചറിന്റെ ഇളയ മകളായ സുനിത ടീച്ചർ വിവിധ നൃത്ത രൂപങ്ങൾ അഭ്യസിച്ചു തുടങ്ങിയത് അമ്മയിൽ നിന്ന് തന്നെയാണ് . 1989 ൽ എം ജി സർവകലാശാല കലാതിലകം ആയിരുന്ന സുനിത ടീച്ചർ അതേ വർഷം യുഎസ് എസ് ആർ -ൽ നടന്ന ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവിൽ കടയിരുപ്പ് സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ നൃത്താധ്യാപികയായ സുനിത ടീച്ചർ തന്റെ ബിരുദാന്തര പഠനത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

സ്കൂൾ കോളേജ് കലോത്സവങ്ങളിൽ തിളങ്ങി നിന്ന പലരും കലാരംഗത്ത് നിന്ന് വിടവാങ്ങി ഔദ്യോഗിക തിരക്കുകളിൽ മുഴുകുമ്പോൾ ഒന്നൊന്നായി തനിക്ക് ദൈവം തന്ന കഴിവുകളെ ആരോഗ്യമേഖലയിൽ തിരക്കേറിയ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുമ്പോഴും നേടിയെടുക്കുന്നതിൻെറ സന്തോഷത്തിലാണ് യുകെ മലയാളി ഡോക്ടർ ആയ ദീപ . 2020-2022 ലെ കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ വൈഷമ്യങ്ങളിലൂടെ കടന്നുപോയത് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു. എന്നാൽ ആ സമയം ആണ് ഡോ. ദീപ എൻഎച്ച്എസ്സിനായി ഔപചാരികമായി എഴുതാൻ ആരംഭിച്ചത്.

ഇതിനിടെ എ ടൈം റ്റു ഹീൽ ( A TIME TO HEAL ) എന്ന പേരിൽ ഡോക്ടർ തന്റെ ആദ്യ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. തൻെറ 40 കളുടെ തുടക്കത്തിൽ ഭാവനയുടെ ലോകത്തെ എഴുത്തിലൂടെ വഴിതിരിച്ചുവിട്ട ഡോക്ടർ ഇതിനിടയ്ക്ക് കരാട്ടയിൽ റെഡ് ബെല്‍റ്റ് വരെ കരസ്ഥമാക്കുകയും ചെയ്തു . നമ്മുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ എന്തിനു നാം തന്നെ അതിർവരമ്പുകൾ നിർണയിക്കുന്നു എന്ന ചോദ്യമാണ് ഡോ. ദീപ ഈ ലേഖകനോട് ചോദിച്ചത് . ആത്മസംതൃപ്തിക്കായി എഴുത്തും മണിക്കൂറുകളോളം നീണ്ട നൃത്ത പരിശീലനവും ആരോഗ്യപരിപാലന ശുശ്രൂഷയ്ക്കൊപ്പം ഒന്നിപ്പിച്ച് വിജയം കൊയ്ത ഡോ. ദീപ നമ്മൾക്ക് നൽകുന്നത് മഹത്തായ ഒരു സന്ദേശമാണ് . വലിയ ലക്ഷ്യങ്ങളിൽ വിശ്വസിച്ച് ആത്മ സംതൃപ്തിക്കായി പ്രവർത്തിക്കൂ. ദൈവകൃപയും ഗുരു കടാക്ഷവും നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഡോ. ദീപയ്ക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് മലയാളം യുകെ ന്യൂസ് ടീം ആത്മാർത്ഥമായി ആശംസിക്കുന്നു.











Leave a Reply