തൃശൂരില്‍ സഹപാഠികളുടെ വധഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചാര്‍ത്താതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി പരാതി. സഹപാഠികള്‍ വധഭീഷണി മുഴക്കുന്ന ഓഡിയോ ഹാജാരക്കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം തുടങ്ങി.
തൃശൂര്‍ മണ്ണുത്തി മര്യാദമൂല സ്വദേശിനി പി.ബി.അനഘ രണ്ടു മാസം മുമ്പാണ് ജീവനൊടുക്കിയത്. കോളജിലെ സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാട്ടി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. ഇതിനു പുറമെ, 22 ഓഡിയോ സന്ദേശങ്ങള്‍. അനഘതന്നെ മരിക്കും മുമ്പ് സുഹൃത്തുക്കള്‍ക്ക് അയച്ച വീഡിയോ സന്ദേശം. ഇത്രയും തെളിവുകളുണ്ടായിട്ടും അനഘയുടെ ഉത്തരവാദികളായവരെ പൊലീസ് പിടികൂടിയില്ലെന്നാണ് ആക്ഷേപം. അനഘയുടെ ആത്മസുഹൃത്തായ പെണ്‍കുട്ടി ഇതരമതത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ ആത്മസുഹൃത്തിനെ പ്രേരിപ്പിച്ചതിന്റെ പേരിലായിരുന്നു ഭീഷണി. പ്രതികള്‍ സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലേതാണെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
മൂന്നു വിദ്യാര്‍ഥികളാണ് ഭീഷണിപ്പെടുത്തിയതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അനഘയുടെ അച്ഛന് നേരത്തെ മരിച്ചു. അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമായിരുന്നു താമസം. ഇതിനിടെയാണ്, സഹപാഠികളുടെ ഭീഷണിമൂലം ജീവിതം അവസാനിപ്പിച്ചത്.
Leave a Reply