ബര്‍മിംഗ്ഹാം: യുകെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മറ്റൊരു മനോഹര സായാഹ്നം കൂടി സമ്മാനിച്ച് കൊണ്ട് ആനന്ദ് ടിവി ഒരുക്കിയ സിനി അവാര്‍ഡ് നൈറ്റ് കടന്നു പോയി. ഹിപ്പോഡ്രോം തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞ കലാസ്വാദകാരെ സാക്ഷി നിര്‍ത്തി മലയാള സിനിമയിലെ മികച്ച നടീ നടന്മാരെയും, സംവിധായകനെയും, പിന്നണി ഗായകരെയും ആദരിച്ച ചടങ്ങ് കേരളത്തിന് വെളിയില്‍ ഇത്തരത്തില്‍ നടത്തുന്ന ഏറ്റവും മികച്ചതായി മാറി. യുകെ മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ആനന്ദ് ടിവി മാനേജിംഗ് ഡയരക്ടര്‍ ശ്രീകുമാറിനൊപ്പം ഒരു സംഘം പിന്നണി പ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ പരിസമാപ്തി കൂടിയായിരുന്നു അവാര്‍ഡ് നൈറ്റിന്റെ ഉജ്ജ്വല വിജയം.

മലയാള സിനിമയ്ക്ക് ആദരങ്ങള്‍ ലഭിച്ചപ്പോള്‍ പകരം യുകെ മലയാളികള്‍ക്ക് ഇവര്‍ സമ്മാനിച്ചത് താരങ്ങളും യുകെയിലെ മലയാളി കലാകാരന്മാരും അണിനിരന്ന നിരവധി മനോഹര പ്രോഗ്രാമുകള്‍ ആയിരുന്നു. മോഹന്‍ലാല്‍, മനോജ്‌ കെ ജയന്‍, വിജയ്‌ യേശുദാസ്‌, സ്റ്റീഫന്‍ ദേവസി, സിത്താര, ബിജു മേനോന്‍ എന്നിവര്‍ മനോഹരമായി പാടിയ വേദിയില്‍ അനുശ്രീ, മിയ ജോസ്, അര്‍ച്ചന, ആര്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ നൃത്തനൃത്ത്യങ്ങളും അരങ്ങേറി. സുരാജ്, സാജു നവോദയ, പിഷാരടി, ധര്‍മജന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഹാസ്യ പരിപാടികള്‍ ചിരിയുടെ പൂരം തീര്‍ത്തു.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മിനിസ്ക്രീന്‍ ഷോയുടെ പ്രഖ്യാപനം അവാര്‍ഡ് നൈറ്റ് വേദിയില്‍

വെള്ളിത്തിരയില്‍ നിന്നും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ മിനി സ്‌ക്രീനിലേക്കും എത്തുകയാണ്. ബ്രിട്ടനിലെ ചാനല്‍ ഫോര്‍ അവതരിപ്പിക്കുന്ന ബിഗ് ബ്രദര്‍ മോഡലില്‍ ഉള്ള പരിപാടിയുടെ അവതാരകനായാകും മോഹന്‍ലാല്‍ എത്തുക. ലോകത്തെ ഒട്ടു മിക്ക ചാനലുകളും നടത്തിയ ബിഗ് ബജറ്റ് റിയാലിറ്റി ഷോയുടെ ചുവടു പിടിച്ചു ഏഷ്യാനെറ്റാണ് മോഹന്‍ലാലിനെ മലയാളിയുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കുന്നത്.

ഈ പരിപാടിയ്ക്കായി ഏഷ്യാനെറ്റ് ഏറെക്കാലമായി മോഹന്‍ലാലിനെ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഇപ്പോളാണ് അദ്ദേഹം സമ്മതം മൂളിയതെന്നു ഏഷ്യാനെറ്റ് സാരഥി മാധവന്‍ ബിര്‍മിങാമില്‍ ഇന്നലെ നടന്ന അവാര്‍ഡ് നിശയില്‍ വെളിപ്പെടുത്തുക ആയിരുന്നു. എന്നാല്‍ മോഹന്‍ലാലിനുള്ള പ്രതിഫല തുകയടക്കമുള്ള വിശദംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പരിപാടിയുടെ ലോഗോ പ്രകാശനം അടക്കമുള്ള ചടങ്ങുകളാണ് ഇന്നലെ നടന്നത്. പരിപാടിയെ കുറിച്ച് വലിയ പ്രതീക്ഷകള്‍ ഉണ്ടെന്നു മോഹന്‍ലാലും വ്യക്തമാക്കി.

ലോകത്തുള്ള മുഴുവന്‍ മലയാളികളുടെയും പ്രാര്‍ത്ഥനയും പിന്തുണയും ബിഗ് ബോസിന് ഒപ്പം ഉണ്ടാകണം എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ അവതാരകനായി ടെലിവിഷനില്‍ നിറയാന്‍ ഉള്ള സാധ്യത കൂടിയാണ് ഈ പരിപാടി വെളിപ്പെടുത്തുന്നത്. നേരത്തെ സുരേഷ് ഗോപി അവതാരകന്‍ ആയതിനു പുറമെ മുകേഷും റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു. എന്നാല്‍ ബിഗ് ബോസിന് വേണ്ടി മോഹന്‍ലാല്‍ തന്നെ വേണം എന്ന ഏഷ്യാനെറ്റിന്റെ നിര്‍ബന്ധമാണ് ഏറെക്കാലത്തെ കാത്തിരിപ്പിലേക്കു നയിച്ചത്.

സാങ്കേതിക വിദ്യയുടെ സംവിധാന സഹായത്തോടെ, നിരീക്ഷണ ക്യാമറകള്‍ അടക്കമുള്ള തരത്തിലാകും ബിഗ് ബോസ് കാണികളിലേക്കു എത്തുക. മുന്‍പ് സമാന മാതൃകയില്‍ ഉള്ള റിയാലിറ്റി ഷോ സൂര്യ ചാനല്‍ മലയാളി ഹൗസ് എന്ന പേരില്‍ നടത്തിയപ്പോള്‍ വിവാദ കൊടുംകാറ്റ് തന്നെ രൂപം കൊണ്ടിരുന്നു. ഇത് മനസ്സില്‍ വച്ചാകാം മോഹന്‍ലാല്‍ സമ്മതം നല്‍കാന്‍ വൈകിയതെന്നും സൂചനയുണ്ട്. മുന്‍പ് അമിതാബ് ബച്ചന്‍ സോണി ചാനലിന് വേണ്ടി നടത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയും പണം വാരി ഷോയായി പൊടുന്നനെ മാറിയിരുന്നു.

അതിനിടെ, അടുത്തകാലത്ത് ഒടിയന്‍ സിനിമക്ക് വേണ്ടി നടത്തിയ രൂപമാറ്റത്തെ തുടര്‍ന്ന് വിമര്‍ശനം ഉന്നയിച്ചവര്‍ക്കും ആശങ്കപ്പെട്ട താരാരാധകര്‍ക്കും മറുപടിയായി ഊര്‍ജ്വസ്വലനായ പഴയ ലാല്‍ തിരികെയെത്തിയ കാഴ്ചയാണ് ഇന്നലെ ബിര്‍മിങാമില്‍ കാണാനായത്. മുഖത്തെ കൊഴുപ്പു വലിച്ചെടുക്കും വിധം ബോട്ടോക്‌സ് ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയും ഒക്കെ നടത്തി ലാല്‍ രൂപമാറ്റം വരുത്തി എന്ന ഊഹാപോഹങ്ങള്‍ക്കുള്ള നടന്റെ മറുപടി കൂടിയായി ഇന്നലത്തെ പെരുമാറ്റം. പഴയ കാല മോഹന്‍ലാലിന് കാര്യമായ മാറ്റം ഒന്നും ഇല്ലെന്നു വ്യക്തമാക്കി അവാര്‍ഡ് നൈറ്റിന്റെ പാതി വഴിയില്‍ ബര്‍മിംഗ്ഹാം ഹിപ്പോഡ്രോം വേദിയുടെ വലതു വശത്തെ ബാല്‍ക്കണി ബോക്‌സിലൂടെ കാണികളെ അഭിവാദ്യം ചെയ്തു ആവേശ തിരയിളക്കിയ ലാല്‍ തൊട്ടു പിന്നാലെ കൈവീശി ഹാളിലെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വന്ന ഉടന്‍ തന്നെ താന്‍ വലിയ പാട്ടുകാരന്‍ ഒന്നും അല്ലെന്നു മുന്‍കൂര്‍ ജാമ്യം എടുത്താണ് തന്റെ കുട്ടിക്കാലത്തോളം പ്രായമുള്ള ഓമനക്കുട്ടന്‍ എന്ന സിനിമയിലെ നിത്യഹരിത ഗാനമായ ”ആകാശഗംഗയുടെ കരയില്‍, അശോകവനിയില്‍, ആരെയാരെ തേടി വരുന്നൂ …..” എന്ന ഗാനം അദ്ദേഹം മനോഹരമായി ആലപിച്ചത്.

തൊട്ടുപിന്നാലെ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായി തിയറ്ററില്‍ എത്തുന്ന നീരാളിയിലെ ആദ്യമായി അരികെ അരികെ കണ്ടതെന്നോ എന്ന ഗാനവും ആലപിച്ചാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. ഈ ഗാനം സിനിമയില്‍ ആലപിച്ചതും ലാല്‍ തന്നെയാണ്. ഈ പാട്ടിനു ഈണമിട്ട സ്റ്റീഫന്‍ ദേവസി കീ ബോര്‍ഡുമായി വേദിയില്‍ ഉണ്ടായതും ലാലിന് ആവേശമായി മാറുകയായിരുന്നു.

ജനപ്രിയ നടന്‍ എന്ന കാറ്റഗറിയില്‍ അവാര്‍ഡ് വാങ്ങാന്‍ വേദിയില്‍ എത്തിയ ബിജു മേനോന്‍ ഏറെ വൈകാരികമായാണ് വേദിയില്‍ നിന്നത്. ഇക്കാര്യം അദ്ദേഹം തന്നെ പറയുകയും ചെയ്തു. ലാലിന്റെ സാന്നിധ്യത്തില്‍ താന്‍ ഇമോഷണല്‍ ആകുകയാണ് എന്ന പറഞ്ഞ ബിജു അവാര്‍ഡ് വാങ്ങും മുന്‍പേ ലാലിന്റെ കാലില്‍ നമസ്‌കരിക്കാന്‍ ശ്രമിച്ചപ്പോള്‍ പാതി വഴിയില്‍ ലാല്‍ തന്നെ തടയുക ആയിരുന്നു.

തന്റെ കൂട്ടുകാരന്‍ എന്ന് ലാല്‍ അഭിസംബോധന ചെയ്യുന്ന ബിജു കാലില്‍ തൊടുന്നതില്‍ ലാലിന് ഔചിത്യ കുറവ് തോന്നിയിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ തിടുക്കത്തില്‍ ഉള്ള തടയല്‍ വ്യക്തമാക്കിയത്. എന്നാല്‍ അവാര്‍ഡ് വാങ്ങിയ ഉടന്‍ ലാലിന് തടയാനാകും മുന്‍പ് ബിജു മേനോന്‍ കാല്‍ തൊട്ടു വന്ദിച്ചു.

വേദിയില്‍ നിന്നും ഇറങ്ങും മുന്‍പ് ലാലിനെ സാക്ഷിയാക്കി പാട്ടുപാടിയപ്പോഴും ബിജു മേനോന്‍ ഇതാവര്‍ത്തിച്ചു. പത്‌നി സംയുക്ത കാഴ്ച്ചക്കാരിയായി വേദിയില്‍ ഇരുന്നതും ബിജു മേനോനെ വികാരഭരിതനാക്കി എന്നത് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിറഞ്ഞിരുന്നു.

താന്‍ ഏറെ ആരാധിക്കുന്ന, തന്റെ ലഹരി കൂടിയായ, ഇന്‍സ്പിരേഷനായ ലാലില്‍ നിന്നും ഒരു പുരസ്‌കാരം നേടാന്‍ കഴിഞ്ഞാല്‍ അതില്‍പരം വേറെ എന്ത് വേണം എന്ന് ചോദിച്ചാണ് അവതാരിക ജ്യുവലിന്റെ നിര്‍ബന്ധത്തില്‍ ബിജു മേനോന്‍ ഒരു ഗാനവും ആലപിച്ചത്. അവള്‍ വിശ്വസ്തയായിരുന്നു എന്ന ചിത്രത്തിലെ പ്രണയലോകത്തെ സുന്ദര ഗാനം ‘തിരയും തീരവും’ ആണ് ബിജുമേനോന്‍ മോഹന്‍ലാലിനുള്ള സമ്മാനമായി സമര്‍പ്പിച്ചത്.