‘കോവിഡ് രോഗികളെ ചികിൽസിച്ച തെറ്റിനാണോ അദ്ദേഹത്തോട് ആൾക്കൂട്ടം അനാദരവ് കാട്ടിയത് ?’- കണ്ണീരോടെ ആനന്ദി സൈമൺ ഇത് ചോദിക്കുമ്പോൾ എവിടെ നിന്നും ഉത്തരം ലഭിക്കുന്നില്ല.
ചെന്നൈയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച ഡോക്ടർ സൈമൺ ഹെർക്കുലീസിന്റെ ഭാര്യയാണ് ആനന്ദി. രണ്ടിടത്ത് ഡോക്ടർ സൈമണിന്റെ മൃതദേഹം സംസ്കരിക്കാനെത്തിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത് വിവാദമായിരുന്നു.
ഡോക്ടറുടെ മൃതദേഹത്തോട് ആൾക്കൂട്ടം കാണിച്ചത് അനാദരവാണെന്ന് ആനന്ദി അഭിപ്രായപ്പെട്ടു. അവസാനമായി അദ്ദേഹത്തെ ഒന്നുകൂടി കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
”അദ്ദേഹം ഏതോ ശ്മശാനത്തിൽ ഇപ്പോൾ തനിച്ചാണ്. അദ്ദേഹത്തെ ഞങ്ങളുടെ സെമിത്തേരിയിൽ അടക്കം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അധികൃതർ നിഷ്കർഷിക്കുന്ന നിബന്ധനകൾ അനുസരിച്ചുകൊണ്ടുള്ള സംസ്കാരം നടത്താൻ ഞങ്ങൾ തയ്യാറാണ്.
അദ്ദേഹത്തിനൊപ്പം 30 വർഷം ഞാൻ ജീവിച്ചു. ആശുപത്രിയിൽ കഴിഞ്ഞ 15 ദിവസം അദ്ദേഹത്തിന്റെ മുഖം പോലും കണ്ടിട്ടില്ല. ഞങ്ങളുടെ പളളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ഞാൻ അപേക്ഷിക്കുന്നു”- അവർ ‘ പറഞ്ഞു.
കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ സൈമൺ ഞായറാഴ്ചയാണ് മരിച്ചത്. തുടർന്ന് സംസ്കരിക്കാനായി ശ്മശാനത്തിലെത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്.
ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാനായി ആദ്യമെത്തിച്ചത് കീഴ്പ്പാക്കത്തെ സെമിത്തേരിയിലായിരുന്നു. എന്നാൽ ആൾക്കൂട്ടത്തിന്റെ പ്രതിഷേധത്തെ തുടർന്ന് അവിടെ സംസ്കരിക്കാൻ സാധിച്ചില്ല. തുടർന്ന് അണ്ണാനഗറിലെ ഒരു ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. എന്നാൽ അവിടെയും ഒരു സംഘം ആളുകൾ പ്രതിഷേധവുമായി എത്തി. ആംബുലൻസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ശുചീകരണ തൊഴിലാളികൾക്കും പരിക്കേറ്റിരുന്നു.
‘ പുരോഹിതന്റെ അനുമതി വാങ്ങിയിട്ടാണ് ഞങ്ങൾ കീഴ്പാക്കത്തെ സെമിത്തേരിയിൽ പോയത്. പക്ഷേ നാട്ടുകാർ അദ്ദേഹത്തെ അവിടെയും അണ്ണാനഗറിലും അടക്കം ചെയ്യാൻ അനുവദിച്ചില്ല. ഒടുവിൽ, കോർപറേഷൻകാർ അദ്ദേഹത്തെ വെല്ലപ്പഞ്ചവടി എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. കോർപറേഷൻ ചെയ്തത് അവരുടെ ജോലിയാണ്. അവരതിൽ തെറ്റുകാരല്ല.എങ്ങനെയോ ഞങ്ങൾ അദ്ദേഹത്തെ അടക്കം ചെയ്തു. പക്ഷേ, അവസാനമായൊന്ന് കാണാൻ പറ്റിയില്ല” ആനന്ദി കണ്ണീരോടെ പറഞ്ഞു.
Leave a Reply