സ്വന്തം ലേഖകൻ
നോർഫോക്ക്: പ്രവാസികളായി ഇവിടെയെത്തി ഒരു കൊച്ചു ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ആണ് കൊറോണയുടെ കരുണയില്ലാത്ത ആക്രമണത്തിൽ പല മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്‌സ് ലിൻ മലയാളി സമൂഹത്തിന് വേദന പകർന്നു നൽകി അനസൂയ ചന്ദ്രമോഹൻ (55) വിടപറഞ്ഞു. അനസൂയ കോവിഡ് ബാധിതയായി ചികിത്സക്ക് ശേഷം വിശ്രമത്തിലിരിക്കുമ്പോൾ ആകസ്മികമായി മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മരണം സംഭവിച്ചു എങ്കിലും ഇപ്പോൾ മാത്രമാണ് വാർത്ത പുറത്തുവരുന്നത്.
ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ഉണ്ടാകാവുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കുക അസാധ്യമാണ്. വെറും രണ്ടു വർഷം മുൻപ് ഒരുപാട് സ്വപ്ങ്ങളുമായി കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായി പരേതയായ അനസൂയയുടെ മകൾ ജെന്നിഫർ ശരവണൻ യുകെയിൽ എത്തുന്നത്. പിന്നീട് ആണ് ജെന്നിഫറിന്റെ ഭർത്താവ് യുകെയിൽ എത്തിച്ചേരുന്നത്.
ജീവിതം മുന്നോട്ടു നീങ്ങവെ ജെന്നിഫർ ഒരു കുഞ്ഞിന് ജന്മം നൽകി. ആറു മാസത്തെ മെറ്റേർണിറ്റി ലീവിന് ശേഷം ജോലിയിൽ കയറുമ്പോൾ പറക്കമുറ്റാത്ത കുഞ്ഞിനെ നോക്കാൻ ഭർത്താവ് വീട്ടിൽ ഇരിക്കേണ്ട അവസ്ഥ. നമുക്ക് എല്ലാവര്ക്കും അറിയാവുന്നത് പോലെ വർക്ക് പെർമിറ്റിന് വേണ്ടി ചിലവാക്കേണ്ടിവരുന്ന വലിയ തുകകൾ.. ഒരാളുടെ വരുമാനം എങ്ങും എത്തില്ല എന്ന സത്യം നമുക്ക് മറ്റാരും പറഞ്ഞുതരേണ്ട ആവശ്യമില്ല.
അങ്ങനെയിരിക്കെ നാട്ടിലുള്ള അമ്മയെ കൊണ്ടുവന്നാൽ ഒരു സഹായം ആകും എന്ന് കരുതിയാണ് ജെന്നിഫർ അമ്മയായ അനസൂയയെയും പിതാവിനെയും യുകെയിൽ കൊണ്ടുവരുന്നത്. മൂന്ന് മാസത്തേക്ക് ആണ് വന്നതെങ്കിലും മറ്റൊരു മൂന്ന് മാസം കൂടി അമ്മയായ അനസൂയ ജെന്നിഫറുടെ കൂടെ നിൽക്കാൻ തീരുമാനിക്കുക ആയിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ പിതാവ് തിരിച്ചു നാട്ടിലേക്ക് പോവുകയും ചെയ്‌തു. കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞത് പെട്ടെന്നാണ്.. കൊറോണ അമ്മക്കും മോൾക്കും പിടിപെട്ടു. വിസിറ്റിങ് വിസയിലുള്ള അമ്മയുടെ ചികിത്സ ചെലവ് എത്രയെന്നോ, കൊടുക്കേണ്ടി വരുമെന്നോ അറിയാതെ രോഗം അൽപം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ ഇരിക്കെ ആണ് അനസൂയയുടെ വേർപാട്…
ഇതേസമയം കൊറോണ ബന്ധിച്ച ജെന്നിഫറുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് കെയിംബ്രിജ് പാപ് വേർത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. ഇപ്പോൾ വളരെ ഗുരുതരമാണ് ജെനിഫറിന്റെ അവസ്ഥ… തന്റെ ‘അമ്മ തന്നെ വിട്ടു പോയെന്ന് ജെന്നിഫർ ഇതുവരെ അറിഞ്ഞിട്ടില്ല.. കേവലം ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയും, എന്ത് ചെയ്യണമെന്ന് അറിയാതെ ഭർത്താവും… ആശ്വസിപ്പിക്കാൻ ആവാതെ കിങ്‌സ് ലിൻ മലയാളി സമൂഹവും. രണ്ട് പെൺമക്കൾ ആണ് പരേതയായ അനസൂയക്ക് ഉള്ളത്.
തുച്ഛമായ ശമ്പളത്തിൽ കഴിഞ്ഞു പോന്നിരുന്ന ഈ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞങ്ങൾ നിങ്ങളോട് വിവരിക്കുന്നില്ല. യുകെ മലയാളികൾ കടന്നുപോകുന്ന കഠിനമേറിയ വഴികൾ .. എല്ലാവരും പണക്കാർ ആണ് എന്ന് ഒരു പ്രവാസിയും പറയില്ല.. എന്നാൽ ഒരു പ്രവാസിയുടെ ബുദ്ധിമുട്ട് അറിയാനുള്ള മലയാളിയുടെ മനസ്സ് ഒരുപാട് ജീവിതങ്ങളെ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയ ചരിത്രം നാം നേരിൽ കണ്ടിട്ടുണ്ട്.. കരുണ ആവോളം ഉള്ള പ്രിയ യുകെ മലയാളികളെ കിങ്‌സ് ലിൻ മലയാളി സമൂഹത്തിന്റെ അഭ്യർത്ഥന മാനുഷിക പരിഗണയോടെ നിങ്ങൾ എല്ലാവരും എടുക്കണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു. ഈ നല്ല പ്രവർത്തിയിൽ മലയാളം യുകെയും പങ്കുചേരുന്നു.
വിട്ടകന്ന അമ്മക്ക് പകരമാകില്ല പണം എന്ന് മനസിലാക്കുമ്പോഴും… എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത ഒരു വയസ് മാത്രമുള്ള കുട്ടി.. ജോലിക്ക് പോകാൻ സാധിക്കാതെ ഭർത്താവ്… സ്വന്തം ഭാര്യയുടെ അവസ്ഥ ഹോസ്പിറ്റലിൽ നിന്നും നഴ്സുമാർ പറഞ്ഞ് മാത്രം അറിയുന്ന, കണ്ണുകൾ നിറയുന്ന ആ മനുഷ്യനെ നിങ്ങൾ സഹായിക്കില്ലേ?? അനസൂയയുടെ ബോഡി നാട്ടിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല… ശവസംസ്ക്കാരം നടത്താൻ ഉള്ള പണം കണ്ടെത്തുവാൻ കിങ്‌സ് ലിൻ മലയാളി സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ ആയ ജെന്നിഫറിനെയും കുടുബത്തെയും സഹായിക്കുവാൻ കിങ്‌സ് ലിൻ മലയാളി സമൂഹം യുകെ മലയാളികളുടെ സഹായം തേടുന്നു. സഹായം എത്തിക്കുവാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിരുന്ന അസോസിയേഷന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കുവാൻ അപേക്ഷിക്കുന്നു.
Name : KINGS LYNN MALAYALEE COMMUNITY
Sort code : 53-61-38
Account No : 66778069
Bank : NATWEST, KING’S LYNN BRANCH
Please use the payment reference : Jennifer Saravanan
more details
NIMESH MATHEW – 07486080225 (PRESIDENT)
JAIMON JACOB – 0745605717 (SECRETARY)
JOMY JOSE – 07405102228 (TREASURER)
Leave a Reply