ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനിലേയ്ക്ക് ചരിത്രാതീത കാലത്തെ വലിയ തോതിലുള്ള കുടിയേറ്റത്തിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. യൂറോപ്യൻ ഭൂഖണ്ഡത്തിൽ നിന്നാണ് ബ്രിട്ടനിലേയ്ക്ക് ആളുകളുടെ കൂട്ട പലായനം ഉണ്ടായത്. കെൽറ്റിക് ഭാഷകളുടെ വ്യാപനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ വിശദീകരിച്ചു. ബിസി 1,400 നും ബിസി 870 നും ഇടയിൽ ഇത് സംഭവിച്ചു. ഇന്ന് രാജ്യത്ത് കഴിയുന്ന പലരുടെയും ജനിതക ഘടന വിശദീകരിക്കാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയുടെ പകുതിയോളം രൂപപ്പെട്ടത് ഈ കുടിയേറ്റക്കാരിൽ നിന്നാണ്.
793 പുരാതന അസ്ഥികൂടങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഡിഎൻഎയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനം. കെന്റിലെ ക്ലിഫ് സ് എൻഡ് ഫാമിൽ നിന്നും മാർഗറ്റ്സ് പിറ്റിൽ നിന്നും നാല് അസ്ഥികൂടങ്ങൾ ഗവേഷകർ കണ്ടെടുത്തു. യൂറോപ്പിൽ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് വിശ്വസിക്കുന്നു. മധ്യശിലായുഗം മുതൽ വെങ്കലയുഗം വരെയുള്ള കാലഘട്ടത്തിൽ നടന്ന കുടിയേറ്റത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ ബ്രിട്ടനിലേയ്ക്ക് പുതിയ ആചാര രീതികൾ അവതരിപ്പിച്ചത് ഈ കുടിയേറ്റ ജനതയാണ്.
പുതിയ സാംസ്കാരിക സമ്പ്രദായങ്ങൾ രാജ്യത്തിലേയ്ക്ക് എത്തിച്ചു. ദേവന്മാർക്കുള്ള വഴിപാടുകളായി ഒന്നിലധികം വെങ്കല നിർമ്മിത വസ്തുക്കൾ അവർ കുഴിച്ചിട്ടു. ബ്രിട്ടനിലെ കുടിയേറ്റക്കാരും അവരുടെ പിൻഗാമികളും കെൽറ്റിക് ഭാഷകളുടെ വ്യാപനം സാധ്യമാക്കിയെന്നും ഗവേഷകർ പറയുന്നു.
Leave a Reply