ന്യൂഡല്‍ഹി: ലൈംഗിക ചൂഷണം നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരെയും മനുഷ്യക്കടത്തിനെതിരെയും ഇന്ത്യയില്‍ ശക്തമായ നിയമം നിലവിലുണ്ട്. എന്നാല്‍ വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെ കുടുക്കുന്ന നിയമം നിലവില്ല. പക്ഷേ ആന്ധ്രയില്‍ നിലവില്‍ വന്നിരിക്കുന്ന പുതിയ നിയമ ഭേദഗതിയില്‍ ഇടപാടുകാരും ഇടനിലക്കാരും തുടങ്ങി കൃത്യത്തില്‍ പങ്കെടുക്കുന്ന എല്ലാവരും കുറ്റക്കാരാകും. ഇടനിലക്കാരോടൊപ്പം ഇടപാടുകാരും നിയമത്തിന് മുന്നിലെത്തുന്നതോടെ വേശ്യാലയം നടത്തിപ്പ് കേന്ദ്രങ്ങള്‍ നിയന്ത്രിക്കാനാവുമെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.
വേശ്യാലയങ്ങള്‍ വഴി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നതായുള്ള വാര്‍ത്തകള്‍ രാജ്യത്ത് ധാരാളമാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചൂഷണങ്ങളും കുറയുമെന്നാണ് പ്രതീക്ഷയെന്ന് ആന്ധ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. ഇത്തരമൊരു നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
ആന്ധ്ര സര്‍ക്കാര്‍ നിയോഗിച്ച നിയമ വിദഗ്ദ്ധരടങ്ങിയ സംഘമാണ് പുതിയ നിയമത്തിന്റെ സാധുത പരിശോധിച്ചത്. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് തീര്‍ച്ചപ്പെടുത്താനും 60 ദിവസത്തിനകം ശുപാര്‍ശകള്‍ നല്‍കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.
2013ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലാകെ രണ്ട് കോടിയോളം വരുന്ന ലൈംഗിക തൊഴിലാളികളുണ്ടെന്നും ഇതില്‍ ഒന്നരലക്ഷത്തിലധികം വരുന്ന സ്ത്രീകളും കുട്ടികളും കടുത്ത ലൈംഗിക ചൂഷണത്തിനിരകളാവുന്നുണ്ടെന്നും പറയുന്നു.
Leave a Reply