മത്സ്യത്തൊഴിലാളിയുടെ മരണത്തെത്തുടർന്ന് മത്സ്യത്തിനെതിരെ കേസെടുത്ത് ആന്ധ്രാപ്രദേശ് പോലീസ്. വിചിത്രമായ ഈ സംഭവം നടന്നിരിക്കുന്നത് വിശാഖപട്ടണത്തെ പരവാഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. പരവാഡ മേഖലയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ തൊഴിലാളിയായ ജോഗണ്ണയെ മത്സ്യം ആക്രമിക്കുകയായിരുന്നു. ജോഗണ്ണയുടെ മരണവിവരം ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളിൽ നിന്നാണ് പോലീസ് അറിഞ്ഞത്.
പൊലീസ് പറയുന്നത് ഇങ്ങിനെ
കഴിഞ്ഞ ചൊവ്വാഴ്ച മുത്യാലമ്മ പാലം സ്വദേശികളായ അഞ്ചംഗ മത്സ്യത്തൊഴിലാളി സംഘം പരവാഡ തീരത്തുനിന്ന് പരമ്പരാഗത വള്ളങ്ങളുമായി കടലിൽ പോയി. കടലിൽ ഏകദേശം എട്ട് കിലോമീറ്റർ വരെ ഉള്ളിലേക്ക് ഇവർ പോയിരുന്നു. മീൻ പിടിക്കാൻ വല വിരിച്ചശേഷം കാത്തിരുന്ന ഇവർ പിറ്റേന്ന് രാവിലെ എട്ട് മണിയോടെ വല പിടിച്ചുകയറ്റാൻ തുടങ്ങി. അപ്പോളാണ് വലിയൊരു മത്സ്യം വലയിൽ കുടുങ്ങിയതായി ഇവർക്ക് മനസിലായത്. കൊമ്മുകോണം എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ബ്ലാക് മാർലിൻ മത്സ്യമാണ് വലയിൽ കുടുങ്ങിയത്.
80 കിലോയോളം വരുന്ന മത്സ്യം എല്ലാവരും ചേർന്ന് ശ്രദ്ധയോടെ ബോട്ടിൽ കയറ്റാൻ ശ്രമിച്ചു. തുടർന്ന് വല പൊട്ടിപ്പോകാതിരിക്കാൻ ജോഗണ്ണ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. അതിനിടയിൽ മത്സ്യത്തിന്റെ മൂർച്ചയുള്ള മൂക്കും വാൾ പോലെയുള്ള മുള്ളമുള്ള ബ്ലാക് മാർലിൻ ഇദ്ദേഹത്തിന്റെ വാരിയെല്ലിൽ ഇടിക്കുകയായിരുന്നു. ഇതോടെ ജോഗണ്ണയ്ക്ക് കടുത്ത രക്തസ്രാവം ഉണ്ടായതായും കരയിൽ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിക്കുകയുമായിരുന്നു. തൊഴിലാളികളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച പോലീസ് മത്സ്യത്തിനെതിരെ സെക്ഷൻ 174 പ്രകാരം കേസെടുത്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നടപടിക്രമങ്ങളും വകുപ്പുകളും അനുസരിച്ചാണ് പോലീസ് മത്സ്യത്തിനെതിരെ കേസെടുത്തത്. മത്സ്യത്തിന്റെ ആക്രമണത്തിലാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ ആത്മഹത്യ ചെയ്യുമ്പോഴോ മൃഗങ്ങളുടെ ആക്രമണത്തിലോ യന്ത്രങ്ങൾ ഉപയോഗിക്കുമ്പോഴോ ഉണ്ടാകുന്ന മരണങ്ങളിലോ ഒക്കെയാണ് 174-ാം വകുപ്പ് ഉപയോഗിക്കുന്നതെന്ന് അഭിഭാഷകൻ സലീം പറയുന്നു. മൃഗങ്ങൾക്ക് ഉടമയുണ്ടെങ്കിൽ അവർക്കെതിരേയും കേസെടുക്കാവുന്നതാണ്. എന്നാൽ ഇവിടെ അങ്ങിനെ ഇല്ലാത്തതുകൊണ്ടാണ് മത്സ്യത്തിനെതിരേ കേസെടുത്തിരിക്കുന്നത്.
Leave a Reply