ഒരു കുപ്പി മദ്യത്തിന് വില വെറും 99 രൂപ. ഈ മാസം പന്ത്രണ്ടുമുതല്‍ ആന്ധ്രാപ്രദേശിലാണ് കുറഞ്ഞവിലയ്ക്ക് നല്ല മദ്യം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗുണമേന്മയുള്ള മദ്യം ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമോ എന്ന കാര്യം സംശയമാണ്.

സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യത്തിന് ഇത്രയും വിലകുറയ്ക്കുന്നത്. പുതിയ മദ്യനയത്തിലൂടെ കൂടുതല്‍ വരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. മദ്യനയം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തിന് 5,500 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താഴ്ന്ന വരുമാനക്കാർ വ്യാജമദ്യം ഉപയോഗിക്കുന്നത് തടയാനാണ് കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള മദ്യം വില്‍ക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട‌് മുന്തിയ ഇനങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ ബ്രാൻഡുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാകും എന്നും അധികൃതർ പറയുന്നുണ്ട്.

ഇതിനാെപ്പം സ്വകാര്യ ചില്ലറ വ്യാപാരികളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 3,736 റീട്ടെയില്‍ മദ്യഷോപ്പുകള്‍ സ്വകാര്യ വത്കരിക്കുകയും ചെയ്യും. ലൈസൻസ് ഇനത്തില്‍ തന്നെ ഇതിലൂടെ ലക്ഷങ്ങള്‍ സർക്കാർ ഖജനാവിലെത്തും. പുതിയ മദ്യനയത്തിന് രണ്ടുവർഷത്തെ കാലാവധിയാണ് ഉണ്ടാവുക.

എന്നാല്‍ പുതിയ മദ്യനയത്തിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. ശരിക്കും വികലമായ നയം എന്നാണ് പൊതുവെയുള്ള ആക്ഷേപം. കുടുംബങ്ങളെ തകർക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും സംസ്ഥാനത്തെ പാവപ്പെട്ടവർ ഗുരുതര രോഗങ്ങള്‍ക്ക് അടിമയാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ജനങ്ങള്‍ വ്യാജമദ്യം വാങ്ങിക്കുടിച്ച്‌ ജീവൻ നഷ്ടപ്പെടുത്താതിരിക്കാനാണ് സർക്കാർ മുന്തിയ ഇനം മദ്യം വിലകുറച്ചുകൊടുക്കുന്നതെന്നാണ് മദ്യനയത്തെ അനുകൂലിക്കുന്നവർ പറയുന്നത്.