അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍, പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ അസാധാരണമായ പാട് കണ്ട ഡോക്ടര്‍മാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തുകയും ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍.നായരും സംഘവും മരണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടി വിഷുവിനോട് അനുബന്ധിച്ചാണ് കറുകുറ്റിയിലുള്ള അമ്മവീട്ടിലെത്തിയത്. എന്നാല്‍ മാതാപിതാക്കള്‍ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും പെണ്‍കുട്ടി ഇവിടെ തുടരുകയായിരുന്നു.

കുട്ടിയുടെ അമ്മൂമ്മ പുറത്തേയ്ക്ക് പോയ സമയത്താണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആലുവ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ കുട്ടിയുടെ ബന്ധുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവം അറിഞ്ഞ് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനും ആശുപത്രിയില്‍ എത്തിയിരുന്നു.