പരീക്ഷയോട് ഒന്നു പുഞ്ചിരിച്ചാലെന്താ… പരീക്ഷയെ ഒരു കൂട്ടുകാരൻ/ കൂട്ടുകാരിയോടെന്നപോലെ പെരുമാറണം. എടോ പരീക്ഷേ, താന്‍ എന്നെ ഒന്നു സഹായിക്കണം. എന്നൊന്നു പറഞ്ഞു നോക്ക്യേ.. തീര്‍ച്ചയായും പരീക്ഷ നിങ്ങളെ സഹായിക്കും. അങ്ങനെ പുഞ്ചിരിയോടെ പരീക്ഷയെഴുതി പരീക്ഷയുടെ ഉറ്റ സുഹൃത്തായി മാറിയ ചെസ്‌റ്ററിലെ മിടുക്കിയാണ് അഞ്ജല ബെൻസൺ. ബെസ്റ്റ് ഫ്രണ്ടിനെ ആരെങ്കിലും പേടിക്കുമോ?.. നമുക്കൊരാപത്തു വന്നാല്‍ നമ്മള്‍ ആദ്യം വിളിക്കുന്നത് ആരെയാ.. ചിലരെങ്കിലും ഏറ്റവും നല്ല സുഹൃത്തിനെ വിളിക്കും. അങ്ങനെയെങ്കില്‍ ആപത്തില്‍ സഹായിക്കുന്നവനാണ് സുഹൃത്ത്. യു.കെയിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ ചെസ്‌റ്ററിലെ അഞ്ജല ബെൻസൺ പരീക്ഷ എന്ന കടമ്പയുടെ ഉറ്റ സുഹൃത്താണ് എന്നാണ് തെളിയിച്ചിരിക്കുന്നത്.
വെസ്ററ് കിർബി ഗ്രാമ്മർ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന അഞ്ജല നേടിയത് ആറ് വിഷയങ്ങളിൽ ഡബിള്‍ എ സ്റ്റാറും മൂന്ന് വിഷയത്തിൽ എ സ്റ്റാര്‍റും, ഒരു വിഷയത്തിൽ എ യും നേടിയാണ് തന്റെ പഠന മികവ് പുറത്തെടുത്തത്. ക്ലാസ്സിക്കൽ നൃത്തത്തിൽ നിപുണയായ അഞ്ജല, സൗണ്ട് എഞ്ചിനീയർ ആയ പിതാവിനൊപ്പം പല വേദികളിലും ആലാപനവും നടത്തുന്ന ഈ കൊച്ചു മിടുക്കി ആത്മീയതയിലും തീക്ഷ്ണത പുലര്‍ത്തുന്നു. കത്തോലിക്കാ ദേവാലയത്തില്‍ അള്‍ത്താര ശുശ്രുഷക്കും സീറോ മലബാര്‍ മാസ്സ് സെന്ററിന്റെ കുര്‍ബ്ബാനകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പഠനത്തോടൊപ്പം അഞ്ജല സമയം കണ്ടെത്തുന്നുണ്ട്.
ചെസ്‌റ്ററിലെ താരമായി മാറിയ അഞ്ജല ബെൻസൺ യു.കെയില്‍ തന്നെ ഏറ്റവും വലിയ വിജയങ്ങള്‍ പിടിച്ചെടുത്ത 732 പേർക്കൊപ്പം തന്നെ സ്ഥാനം നിലനിറുത്തുകയും ചെയ്തിരിക്കുകയാണ്. ദൈവാനുഗ്രഹം ഒന്ന് മാത്രമാണ് തന്റെ വിജയത്തിനു നിദാനം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ കൊച്ചു മിടുക്കി ആത്മീയ കാര്യങ്ങളിൽ മുന്നിൽ തന്നെ നിലകൊള്ളുന്നു. പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവും അതോടൊപ്പം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രോത്സാഹനങ്ങളും തന്റെ വിജയത്തിളക്കത്തിന് കാരണമെന്ന് ഇവൾ വിശ്വസിക്കുന്നു.
സയന്‍സ് വിഷയങ്ങള്‍ എടുത്തു എ ലെവലിലും ഇതുപോലെ മികച്ച വിജയം നേടുക എന്ന സ്വപനം പൂർത്തിയാക്കലാണ് അഞ്ജലയുടെ ഭാവി പദ്ധതി. ചെസ്‌റ്ററിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയായ ബെൻസൺ ദേവസ്യ – ബീന ബെൻസൺ ദമ്പതികളുടെ മൂത്ത മകളാണ് അഞ്ജല ബെൻസൺ. മാതാവായ ബീന എടത്വ സ്വദേശിയും ചെസ്റ്റർ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായും സേവനം അനുഷ്ടിക്കുന്നു. അലീന, അനബെല്ല, അമെയ്‌സ എന്നീ സഹോദരിമാരും അൽഫോൻസ് സഹോദരനുമാണ്.
Leave a Reply