യുകെയില്‍ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ട്രയലില്‍ കല്ലുകടി. ശരിയായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ നിരവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ നിന്ന് തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് ചിലയിടങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ വോട്ടര്‍മാര്‍ കയര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്തൊക്കെ രേഖകളാണ് ഐഡി പ്രൂഫായി ഹാജരാക്കേണ്ടത് എന്ന കാര്യത്തിലും ആശയക്കുഴപ്പങ്ങളുണ്ടായി. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് ബറോകളിലാണ് വോട്ടര്‍ ഐഡി ട്രയല്‍ നടത്തിയത്. ഭാവി തെരഞ്ഞെടുപ്പുകളില്‍ രാജ്യമൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിക്കാനാണ് പരിപാടി.

ബ്രോംലി, വോക്കിംഗ്, ഗോസ്‌പോര്‍ട്ട് എന്നിവിടങ്ങളില്‍ മറ്റു ചില രേഖകള്‍ക്കൊപ്പം ഒരു ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് കൂടി ഹാജരാക്കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. സ്വിന്‍ഡണ്‍, വാറ്റ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പോളിംഗ് കാര്‍ഡ് മാത്രം നല്‍കിയാല്‍ മതിയായിരുന്നു. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ വ്യക്തിപരമായി അറിയാവുന്ന ഒരു വോട്ടറെ വോട്ടിംഗ് ക്ലര്‍ക്കിന് തിരിച്ചയക്കേണ്ടതായി വന്ന സംഭവവും ഇതിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്ത് ഡോക്യുമെന്റാണ് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടതെന്ന വിഷയത്തില്‍ വോക്കിംഗില്‍ ചില ആശയക്കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമര്‍പ്പിക്കാവുന്ന രേഖകളുടെ പട്ടികയില്‍ ഉണ്ടായിരുന്നിട്ടും തന്റെ ഫോട്ടോ റെയില്‍ പാസ് തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ഒരാള്‍ പരാതിപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ചാരിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രായമായവര്‍, ഭവനരഹിതര്‍ തുടങ്ങിയവര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ ഇതിലൂടെ സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ട്രയല്‍ നടന്ന സ്ഥലങ്ങളില്‍ നിരവധിയാളുകള്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വോട്ടുകള്‍ തടയാനാണ് ഇലക്ഷന്‍ കമ്മീഷന്‍ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് ക്യാബിനറ്റ് ഓഫീസ് അറിയിച്ചു.